ഗോപൻ സ്വാമിയുടെ കല്ലറ പൊളിക്കുന്നതിൽ ജില്ലാ ഭരണകൂടം ഇന്ന് തീരുമാനമെടുക്കും
ഇന്നലെ ഗോപൻ സ്വാമിയുടെ കുടുംബത്തെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തിയിരുന്നു
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ കല്ലറ പൊളിക്കുന്നതിൽ ജില്ലാ ഭരണകൂടം ഇന്ന് തീരുമാനമെടുക്കും. കനത്ത സുരക്ഷാ വലയത്തിൽ കല്ലറ പൊളിക്കാനാണ് ആലോചന. നാളെയോ മറ്റെന്നാളോ കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും. ഇന്നലെ ഗോപൻ സ്വാമിയുടെ കുടുംബത്തെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തിയിരുന്നു.
സാമുദായിക സംഘർഷം ഉണ്ടാക്കാനല്ല, മരണത്തിലെ അസ്വാഭാവികത തീർക്കാനാണ് കല്ലറ പൊളിക്കുന്നതെന്ന് ജില്ലാ ഭരണകൂടം കുടുംബത്തെ അറിയിച്ചിട്ടുണ്ട്. കുടുംബം കോടതിയിൽ പോവുകയാണെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ ഇതുവരെ കണ്ടെത്തിയ തെളിവുകളുടെ റിപ്പോർട്ട് കോടതിക്ക് സമർപ്പിക്കും.
ഇന്നലെ അസാധാരണമായ നാടകീയ സംഭവങ്ങളാണ് ആറാലുംമൂട് കാവുവിളകത്ത് അരങ്ങേറിയത്. ഗോപൻ സ്വാമിയുടെ കല്ലറ പൊളിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ കുടുംബം തടയുകയായിരുന്നു. കുടുംബത്തെ പൊലീസ് ബലം പ്രയോഗിച്ചു നീക്കി. പിന്നാലെ വിശ്വ ഹിന്ദു പരിഷത്തും ഹിന്ദു ഐക്യവേദിയും കുടുംബത്തിന് പിന്തുണയുമായി എത്തി.സംഭവത്തെ വർഗീയവൽക്കരിക്കാൻ ബിജെപി ശ്രമിക്കുന്നതായി ആരോപിച്ച് നാട്ടുകാരും രംഗത്ത് വന്നു. ക്രമസമാധാന നില തകർന്ന സാഹചര്യം കണക്കിലെടുത്ത് കല്ലറ പൊളിക്കുന്നത് ജില്ലാ ഭരണകൂടം മാറ്റിവയ്ക്കുകയായിരുന്നു.