അജിത് കുമാറിനെതിരെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കുന്നതിന് മുമ്പ് നടന്നത് നാടകീയ നീക്കങ്ങള്‍
അന്വേഷണം വേണമെന്ന് ഡിജിപി കൂടി നിര്‍ദേശിച്ചത് മുഖ്യമന്ത്രിക്ക് കാര്യങ്ങള്‍ എളുപ്പമാക്കി
തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെതിരെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കുന്നതിന് മുമ്പ് നടന്നത് നാടകീയ നീക്കങ്ങള്‍. ഇതില്‍ മുഖ്യമന്ത്രി - ഡിജിപി കൂടിക്കാഴ്ച നിര്‍ണായകമായി. അന്വേഷണം വേണമെന്ന് ഡിജിപി കൂടി നിര്‍ദേശിച്ചത് മുഖ്യമന്ത്രിക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. അപ്പോഴും പൊലീസിലെ കലാപത്തില്‍ കടുത്ത അതൃപ്തിയാണ് മുഖ്യമന്ത്രി പോലീസ് മേധാവിയോട് പങ്കുവെച്ചത്.
ഇന്നലെ ചേര്‍ന്ന ഉന്നത പൊലീസ് യോഗത്തിന് പിന്നാലെ തന്നെ അന്വേഷണം അനിവാര്യമാണന്ന നിലപാടിലേക്ക് പൊലീസ് മേധാവി എത്തിയിരുന്നു. തീരുമാനം ആഭ്യന്തര സെക്രട്ടറി എടുക്കട്ടേ എന്നായിരുന്നു ഷേയ്ഖ് ദര്‍വേശ് സാഹിബിന്‍റെ ആദ്യ തീരുമാനം. എന്നാല്‍ രാഷ്ട്രീയ വിവാദമായതിനാല്‍ കൈവെക്കാന്‍ ആഭ്യന്തര സെക്രട്ടറി മടിച്ചു. ഇതോടെ പന്ത് മുഖ്യമന്ത്രിയുടെ കോര്‍ട്ടില്‍ എത്തി. സര്‍ക്കാര്‍ തലത്തില്‍ രാവിലെ മുതല്‍ തിരക്കിട്ട അനൗപചാരിക ചര്‍ച്ചകള്‍ കൊടുമ്പിരി കൊണ്ടു.
രാവിലെ പൊലീസ് അസോസിയേഷന്‍ സമ്മേളനത്തിന്‍ പങ്കെടുക്കാന്‍ കോട്ടയത്ത് എത്തിയ മുഖ്യമന്ത്രി വിശ്രമിച്ചത് നാട്ടകം ഗസ്റ്റ് ഹൌസില്‍. സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദര്‍വേശ് സാഹിബ് കൂടി അവിടേക്ക് എത്തിയതോടെ നാടകീയ നീക്കങ്ങള്‍ക്ക് വേഗം കൂടി. പൊലീസ് സേനയുടെ വിശ്വാസ്യത സംരക്ഷിക്കാന്‍ അന്വേഷണം വേണമെന്ന് പൊലീസ് മേധാവി മുഖ്യമന്ത്രിയെ അറിയിച്ചു. അന്വേഷണം എങ്ങനെയെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്ന് പറഞ്ഞ് ഡിജിപി ഇവിടേയും കൈയൊഴിഞ്ഞു. സര്‍ക്കാരിന്‍റെ പ്രതിച്ഛായക്ക് പൊലീസ് തലപ്പത്തെ കലാപം മങ്ങലേല്‍പിക്കുന്നതിലെ അതൃപ്തി പോലീസ് മേധാവിയോട് തുറന്ന് പറഞ്ഞ് മുഖ്യമന്ത്രിയും. എഡിജിപിയുടെ വിശദീകരണം കൂടി കേട്ട ശേഷം വീണ്ടും ഇരിക്കാമെന്ന് പറഞ്ഞാണ് സമ്മേളനത്തിലേക്ക് ഇരുവരും ഇറങ്ങിയത്. എന്നാല്‍ അവിടെ എത്തിയപ്പോഴേക്കും മുഖ്യമന്ത്രിയുടെ മനം മാറി. അടുത്ത കൂടിക്കാഴ്ചയ്ക്ക് കാത്തിരിക്കാതെ എഡിജിപിയെ സാക്ഷി നിര്‍ത്തി തന്നെ അന്വേഷണം പ്രഖ്യാപിച്ച് പിണറായി വിജയന്‍ വേദി വിട്ടു. കൈയടിച്ചാണ് തീരുമാനം സദസിലെ പൊലീസ് സേന വരവേറ്റത്. അന്വേഷണത്തിലേക്ക് കടക്കുമ്പോള്‍ ക്രമസമാധാന ചുമതല എഡിജിപി അജിത് കുമാറില്‍ നിന്ന് നീക്കിയേക്കും. എസ് പി സുജിത് ദാസിനെ ഉടന്‍ സസ്പെന്‍ഡ് ചെയ്യുമെന്നാണ് വിവരം.