നവീന്‍ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാടിനെ പിന്തുണച്ച് സിപിഐയും

സിബിഐ കൂട്ടിലടച്ച് തത്തയാണെന്ന പഴയ നിലപാട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആവർത്തിച്ചു

Update: 2024-11-28 08:18 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാടിനെ പിന്തുണച്ച് സിപിഐയും. സിബിഐ അന്വേഷണം മാത്രമാണോ പോംവഴിയെന്ന് നവീൻ ബാബുവിന്‍റെ കുടുംബമാണ് ചിന്തിക്കേണ്ടതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സിബിഐ കൂട്ടിലടച്ച് തത്തയാണെന്ന പഴയ നിലപാട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആവർത്തിച്ചു. സർക്കാർ വേട്ടക്കാർക്കൊപ്പമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ആരോപിച്ചു.

നവീൻ ബാബുവിന്‍റെ മരണത്തിൽ നിലവിൽ പൊലീസ് നടത്തുന്ന അന്വേഷണത്തിൽ തൃപ്തിയില്ലെന്നും കൊലപാതകം ആണെന്ന് സംശയിക്കുന്നതുകൊണ്ട് സിബിഐ അന്വേഷണം വേണം എന്നുമായിരുന്നു കുടുംബത്തിന്‍റെ ആവശ്യം. അടുത്തമാസം ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ വിഷയത്തിൽ സർക്കാർ നിലപാട് അറിയിക്കണം. സർക്കാർ നിലപാട് എന്തായിരിക്കും എന്നതിന്‍റെ സൂചന സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടറി ഇന്നലെ തന്നെ നൽകിയിരുന്നു.

സിബിഐ അന്വേഷണത്തെ എതിർത്ത സിപിഎമ്മിന്‍റെ അതേ നിലപാട് തന്നെയാണ് സിപിഐയും സ്വീകരിക്കുന്നത്. നവീൻ ബാബുവിന്‍റെ കുടുംബത്തിനൊപ്പം ആണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവർത്തിക്കുമ്പോഴും സിബിഐ അന്വേഷണത്തെ അനുകൂലിക്കുന്നില്ല. കോടതിയുടെ മുന്നിലിക്കുന്ന കാര്യത്തില്‍ അഭിപ്രായം പറയുന്നില്ലെന്ന് റവന്യൂമന്ത്രി കെ. രാജന്‍ പറഞ്ഞു.

സിപിഎം നേതാവ് പ്രതിയായ കേസിൽ കേന്ദ്ര ഏജൻസിയായ സിബിഐ വന്നാൽ അതിന് രാഷ്ട്രീയമായി കേന്ദ്രസർക്കാർ പാർട്ടിക്കെതിരെ ഉപയോഗിക്കുമെന്ന ആശങ്ക സിപിഎം നേതൃത്വത്തിനുണ്ട്. മുന്നണിയിലെ രണ്ട് പ്രധാന പാർട്ടികളുടെ സംസ്ഥാന സെക്രട്ടറിമാർ നിലപാട് വ്യക്തമാക്കിയ പശ്ചാത്തലത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് കാര്യമായിരിക്കും ഹൈക്കോടതിയിലും സർക്കാർ അറിയിക്കുക. സിബിഐ അന്വേഷണം വേണ്ടെന്ന നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും വേട്ടക്കാർക്കൊപ്പം നില്‍ക്കുന്ന സിപിഎം നവീന്‍ ബാബുവിന്‍റെ കുടുംബത്തെ വഞ്ചിച്ചുവെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. അതിനിടെ നവീന്‍ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതു താത്പര്യ ഹരജി ഹൈക്കോടതി അംഗീകരിച്ചില്ല. സമാനമായ ഹരജി മറ്റൊരു ബഞ്ച് പരിഗണിക്കുന്ന സാഹചര്യത്തിലാണ് നടപടി.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News