സ്വപ്ന സുരേഷിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
പൊലീസ് പീഡനം തുടരുകയാണെന്നായിരുന്നു സ്വപ്നയുടെ വാദം
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർക്കെതിരെ ഗൂഢാലോചന നടത്തിയ കേസിൽ സ്വർണക്കടത്തു കേസ് പ്രതികളായ സ്വപ്‌ന സുരേഷ്, പി.എസ് സരിത്ത് എന്നിവര്‍ സമര്‍പ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് വിജു എബ്രഹാം ആണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത് ജാമ്യം ലഭിക്കുന്ന കുറ്റം മാത്രമാണെന്നും അറസ്റ്റിനുള്ള സാഹചര്യം നിലവിലില്ലെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
രാഷ്ട്രീയ പ്രേരിതമായ ആരോപണമാണ് മുന്‍കൂര്‍ ജാമ്യപേക്ഷയിലുള്ളത്. സമൂഹത്തിലെ പ്രമുഖരെ വ്യക്തിഹത്യ ചെയ്യുകയാണ് ഇരുവരുടെയും ഉദ്ദേശമെന്നും പി.എസ് സരിത്ത് കേസിൽ പ്രതിയല്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ പൊലീസ് പീഡനം തുടരുകയാണെന്നായിരുന്നു സ്വപ്നയുടെ വാദം. നിലവിലെ സാഹചര്യത്തില്‍ സ്വപ്നയെയും സരിത്തിനെയും അറസ്റ്റു ചെയ്യില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. ഭാവിയില്‍ അറസ്റ്റു ചെയ്യില്ലെന്ന ഉറപ്പ് നല്‍കാനാവില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
അതേസമയം കെ.ടി ജലീൽ എം.എൽ.എയുടെ പരാതിയിൽ പി.സി ജോർജിനും സ്വപ്ന സുരേഷിനുമെതിരെ തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് ഇന്നലെ കേസെടുത്തിരുന്നു.