'വഞ്ചനാ കേസുകളുള്ളവർ ഭാരവാഹികളാകരുത്': എസ്.എൻ ട്രസ്റ്റ് ബൈലോയിൽ നിർണായക ഭേദഗതി വരുത്തി ഹൈക്കോടതി
എസ്.എൻ ട്രസ്റ്റ് മുൻ അംഗം ചെറുന്നിയൂർ ജയപ്രകാശ് നൽകിയ ഹരജിയിലാണ് ഹൈക്കോടതി നിർണായകമായ ഭേദഗതികൾ വരുത്താൻ ഉത്തരവിട്ടത്.
കൊച്ചി: എസ്.എൻ ട്രസ്റ്റ് ബൈലോയിൽ നിർണായക ഭേദഗതി വരുത്തി ഹൈക്കോടതി. വഞ്ചനാ കേസുകളിലും ട്രസ്റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളിലും ഉൾപ്പെട്ടവർ ട്രസ്റ്റ് ഭാരവാഹിത്വത്തിൽ നിന്ന് വിട്ടുനിൽക്കണം. കുറ്റവിമുക്തരാകുന്നത് വരെ ട്രസ്റ്റ് ഭാരവാഹിയായി തുടരാൻ പാടില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു. എസ്.എൻ ട്രസ്റ്റ് മുൻ അംഗം ചെറുന്നിയൂർ ജയപ്രകാശ് നൽകിയ ഹരജിയിലാണ് ഹൈക്കോടതി നിർണായകമായ ഭേദഗതികൾ വരുത്താൻ ഉത്തരവിട്ടത്.
ഇത് ഏറ്റവുമധികം ബാധിക്കുന്നത് വെള്ളാപ്പള്ളി നടേശനെ തന്നൊണ്. പ്രത്യേകിച്ചും സുവർണ ജൂബിലി തട്ടിപ്പ് കേസിൽ അദ്ദേഹം പ്രതിയാണ്. കൂടാതെ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസുൾപ്പെടെ നിരവധി കേസുകളിലും അദ്ദേഹം പ്രതിയാണ്.
അതുകൊണ്ടുതന്നെ ബൈലോയിൽ മാറ്റം വരുന്നതോടു കൂടി ട്രസ്റ്റിൽ നിന്നും അദ്ദേഹം പുറത്തു പോകേണ്ടി വരും. വെള്ളാപ്പള്ളിയെ കൂടാതെ നിലവിൽ എക്‌സിക്യൂട്ടീവ് അംഗങ്ങളായ നിരവധി പേർക്കെതിരെ കേസുകൾ നിലവിലുണ്ട്. അതിനാൽ തന്നെ ബൈലോയിൽ മാറ്റം വരുന്നതോടുകൂടി ഭാരവാഹിത്വം പൂർണമായം മറ്റേണ്ടിവരുമെന്നാണ് വിലയിരുത്തുന്നത്.