സ്വന്തം കമ്പനി 'പച്ച പിടിച്ചില്ല', ഭാര്യയുടെ കട മോഷണം നടത്താൻ ക്വട്ടേഷൻ നൽകിയ ഭര്‍ത്താവ് അറസ്റ്റില്‍

പാലക്കാട് മുതലമടയിലെ ഹാപ്പി ഹെർബൽ കെയർ എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്

Update: 2022-09-25 07:31 GMT
Editor : ijas
Advertising

പാലക്കാട്: ഭാര്യയുടെ വ്യവസായ സ്ഥാപനത്തിൽ മോഷണം നടത്താൻ ക്വട്ടേഷൻ നൽകിയ വ്യക്തി അറസ്റ്റിൽ. പരിസ്ഥിതി പ്രവർത്തകനായ ആർമുഖൻ പത്തിച്ചിറയാണ് പൊലീസിന്‍റെ പിടിയിലായത്. പാലക്കാട് മുതലമടയിലെ ഹാപ്പി ഹെർബൽ കെയർ എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്.

ഓഗസ്റ്റ് 13 നാണ് ഹാപ്പി ഹെർബൽ എന്ന സ്ഥാപനത്തിൽ മോഷണം നടന്നത്. മെമ്മറി കാർഡുകൾ, പെൻഡ്രൈവുകൾ, ഹാര്‍ഡ് ഡിസ്ക്കുകൾ, 3 മൊബൈൽ ഫോണുകൾ, സർട്ടിഫിക്കറ്റുകൾ അടങ്ങിയ ഫയൽ, പാസ്‌വേഡുകൾ എഴുതിവെച്ച ഡയറി, കാറിന്‍റെ താക്കോൽ എന്നിവയാണ് മോഷണം പോയത്. രണ്ട് കമ്പ്യൂട്ടർ തല്ലി തകർക്കുകയും ചെയ്തു. നാട്ടുകൽ സ്വദേശി ഷമീർ, പൊന്നാനി സ്വദേശി സുഹീൽ എന്നിവർ കേസില്‍ അറസ്റ്റിലായി. ഇവരെ ചോദ്യം ചെയ്തതോടെയാണ് മോഷണം നടത്താൻ ക്വട്ടേഷൻ ലഭിച്ചതാണെന്ന് വിവരം പൊലീസ് അറിഞ്ഞത്. വെട്ടു കേസിൽ അറസ്റ്റിലായി ചിറ്റൂർ ജയിലിൽ കഴിയവെയാണ് ആറുമുഖൻ പത്തിച്ചിറ സഹതടവുകാർക്ക് ഭാര്യയുടെ സ്ഥാപനത്തിലെ പ്രധാന വിവരങ്ങൾ അടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഫയലുകളും മോഷ്ടിക്കാൻ 50000 രൂപക്ക് ക്വട്ടേഷൻ നൽകിയത്. കമ്പനിയുടെ പ്രധാന രേഖകളും ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിന്‍റെ വിവരങ്ങളുമാണ് മോഷണം പോയത്.

Full View

പരിസ്ഥിതി പ്രവർത്തകനായ ആർമുഖൻ പത്തിച്ചിറയും ഭാര്യ അർഷാദും കുറച്ച് നാളുകളായി അകന്ന് കഴിയുകയാണ്. ആർമുഖൻ പത്തിച്ചിറ ഹെർബൽ ഉൽപന്നങ്ങൾ നിർമ്മിക്കുന്ന കമ്പനി തുടങ്ങിയെങ്കിലും വിജയിച്ചില്ല. ഇതൊടെയാണ് മികച്ച നിലയിൽ പ്രവർത്തിക്കുന്ന ഭാര്യയുടെ സ്ഥാപനം തകർക്കാൻ പ്രധാന രേഖകൾ മോഷ്ടിക്കാൻ ക്വട്ടേഷൻ നൽകിയത്. കൊല്ലംങ്കോട് പൊലീസ് അറസ്റ്റ് ചെയ്ത ആർമുഖൻ പത്തിച്ചിറ റിമാന്‍റിലാണ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News