പൊലീസിന്റെ അന്വേഷണമികവാണ് ഓയൂർ തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതികളെ പിടികൂടാൻ സഹായിച്ചതെന്ന് മുഖ്യമന്ത്രി
പൊലീസിനെ കുറ്റപ്പെടുത്തുന്ന അനാവശ്യ പ്രവണത കാണുന്നുണ്ടെന്നും ഇത് രാഷ്ട്രീയ മുതലെടുപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു
പാലക്കാട്: പൊലീസിന്റെ അന്വേഷണമികവ് കൊണ്ടാണ് ഓയൂർ തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതികളെ പിടികൂടാൻ കഴിഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസിനെ കുറ്റപ്പെടുത്തുന്ന അനാവശ്യ പ്രവണത കാണുന്നുണ്ട്. സമീപകാലത്തുണ്ടായ നിരവധി കേസുകളിൽ ആദ്യഘട്ടത്തിൽ തന്നെ പ്രതികളെ കണ്ടെത്താൻ പൊലീസിനായിട്ടുണ്ട്. ഓയൂരിലെ കേസിൽ മാധ്യമങ്ങൾ നല്ല രീതിയിൽ ഇടപെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നല്ല രീതിയിലുള്ള അന്വേഷണമാണ് കേസുമായി ബന്ധപ്പെട്ട നടന്നത്. പൊലീസിന്റെ അന്വേഷണ മികവ് തന്നെയാണ് പ്രതികളിലേക്ക് കൃത്യമായി എത്താൻ സഹായിച്ചത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ യഥാർഥ പ്രതികളെ പിടികൂടാൻ കഴിഞ്ഞു. അന്യാവശ്യമായി പൊലീസിനെ കുറ്റപ്പെടുത്തുന്ന പ്രവണത ചിലരിൽ നിന്നെങ്കിലുമുണ്ടാകുന്നുണ്ട്. ഇതൊക്കെ കൃത്യമായ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മാത്രമായി നടത്തുന്ന കാര്യങ്ങളായെ കാണാൻ സാധിക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.