കെ.എസ്.ആർ.ടി.സി ബസുകൾ സ്കൂൾ ബസുകളായി ഓടിക്കുന്നതിന് കുറഞ്ഞ പ്രതിമാസ വാടക ഒന്നരലക്ഷം
ദിവസവും ഓടുന്ന കിലോമീറ്റർ അനുസരിച്ച് മാസം രണ്ട് ലക്ഷം രൂപ വരെ വാടക ഈടാക്കും
കെ.എസ്.ആർ.ടി.സി ബസുകൾ സ്കൂൾ ബസുകളായി ഓടിക്കുന്നതിന് കുറഞ്ഞ പ്രതിമാസ വാടക ഒന്നരലക്ഷം രൂപ. ദിവസവും ഓടുന്ന കിലോമീറ്റർ അനുസരിച്ച് മാസം രണ്ട് ലക്ഷം രൂപ വരെ വാടക ഈടാക്കും. സ്കൂളുകൾ സർവീസുകൾക്കുള്ള വാടക മുൻകൂർ അടയ്ക്കണമെന്നും നിബന്ധനയുണ്ട്.
കെ.എസ്.ആർ.ടി.സി ബസുകൾ സ്കൂളുകൾക്ക് വിട്ടുനൽകുമ്പോൾ കുറഞ്ഞത് 40 കുട്ടികൾക്ക് ഇരുന്ന് യാത്ര ചെയ്യാം. കുട്ടികൾക്കൊപ്പം സ്കൂൾ അധികൃതർ നിശ്ചയിക്കുന്ന ഒരാൾക്കും ബസിൽ യാത്രക്ക് അനുമതിയുണ്ട്. ഒരു ദിവസം നാല് ട്രിപ്പ് വരെ പോകും. 20 ദിവസത്തേക്കാണ് നിരക്ക് നിശ്ചയിച്ചത്. ശനിയാഴ്ചയും ക്ലാസ് ഉണ്ടാകുമെന്ന വിദ്യാഭ്യാസ വകുപ്പ് തീരുമാനം കെ.എസ്.ആർ.ടി.സി അറിഞ്ഞിട്ടില്ലെന്ന് സാരം. ദിവസം 100 കിലോമീറ്ററിന് 7500 രൂപയാണ് ബോണ്ട് സർവീസ് നിരക്ക്. 20 ദിവസത്തേക്ക് ഒന്നര ലക്ഷം രൂപ. തുടർന്നുള്ള 20 കിലോമീറ്ററിന് പ്രതിദിനം 500 രൂപ നിരക്കിൽ വാടക ഉയരും.
200 കിലോമീറ്റർ ഒരു ദിവസം ഓടിയാൽ 20 ദിവസത്തേയ്ക്ക് രണ്ട് ലക്ഷം രൂപ സ്കൂൾ അധികൃതർ വാടകയായി നൽകണം. വനിത കണ്ടക്ടർമാർക്കാകും സ്കൂൾ ബോണ്ട് ബസിലെ ഡ്യൂട്ടി. ഡീസൽ വില വർധിക്കുന്നതനുസരിച്ച് ബോണ്ട് സർവീസ് നിരക്കിലും മാറ്റം വരുത്തുമെന്നും കെ.എസ്.ആർ.ടി.സി നിബന്ധന വച്ചിട്ടുണ്ട്.