കൂടുതൽ പരാതിയുമായി വനിതാ നേതാക്കൾ; ജെ.ജെ അഭിജിത്തിനെതിരെ പാർട്ടി അന്വേഷിക്കുന്നത് നിരവധി ആരോപണങ്ങൾ
അഭിജിത്തിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു
തിരുവനന്തപുരം: അച്ചടക്ക നടപടിക്ക് വിധേയനായ മുൻ എസ്എഫ്‌ഐ ജില്ലാ ഭാരവാഹി അഭിജിത്ത് ജെജെക്കെതിരെ പാർട്ടി അന്വേഷിക്കുന്നത് നിരവധി ആരോപണങ്ങൾ. വിവിധ പ്രായത്തിലുള്ള സർട്ടിഫിക്കറ്റുകൾ തന്റെ പക്കലുണ്ടെന്ന് പറഞ്ഞ അഭിജിത്തിനെതിരെ വ്യാജരേഖ ചമച്ച് പാർട്ടിയെ തെറ്റിധരിപ്പിച്ചോ എന്നും അന്വേഷിക്കും. മോശമായി സംസാരിച്ചതായി മറ്റ് ചില വനിത നേതാക്കളും അഭിജിത്തിനെതിരെ പാർട്ടിക്ക് പരാതി നൽകിയിട്ടുണ്ട്
ലഹരി വിരുദ്ധ പരിപാടിയിൽ പങ്കെടുത്ത ശേഷം ബാറിൽ പോയി മദ്യപിച്ചു, വനിത നേതാവിനോട് മോശമായി ഫോണിൽ സംസാരിച്ചു തുടങ്ങിയ പരാതികളുടെ അടിസ്ഥാനത്തിലാണ് അഭിജിത്തിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. അഭിജിത്തിനെതിരായ പരാതികൾ അന്വേഷിക്കാൻ വേണ്ടി കമ്മീഷനെയും ജില്ലാ കമ്മിറ്റി നിയോഗിച്ചിട്ടുണ്ട്. അന്വേഷണകമ്മീഷൻറെ പരിധിയിലേക്ക് മറ്റ് ചില വിഷയങ്ങൾ കൂടിയുണ്ടെന്നാണ് വിവരം. ഇതിൽ പ്രധാനപ്പെട്ട ഒന്ന് വ്യാജരേഖ ചമച്ചിട്ടുണ്ടോയെന്നാണ്,തൻറെ കയ്യിൽ വിവിധ പ്രായത്തിലുള്ള സർട്ടിഫിക്കറ്റുകൾ ഉണ്ടെന്ന് ഇന്നലെ പുറത്ത് വന്ന സംഭാഷണത്തിൽ അഭിജിത്ത് പറയുന്നുണ്ട്.
വ്യാജരേഖയുണ്ടെന്ന് അഭിജിത്ത് തന്നെ തുറന്ന് സമ്മതിച്ചത് കൊണ്ട് ആരെങ്കിലും പരാതി നൽകിയാൽ പൊലീസ് അന്വേഷണത്തിനുള്ള സാധ്യതയും പാർട്ടി കണ്ടു. അത് കൊണ്ടാണ് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്ത് തലയൂരാൻ സിപിഎം തീരുമാനിച്ചത്. മോശം പേരുമാറ്റവുമായി ബന്ധപ്പെട്ട മറ്റ് ചില വനിതനേതാക്കളും അഭിജിത്തിനെതിരെ പരാതി നൽകിയിട്ടുണ്ടെന്നാണ് വിവരം.