വാഹനാപകടത്തിൽ പരിക്കേറ്റയാളെ കടമുറിയിൽ പൂട്ടിയിട്ടു; മധ്യവയസ്കന് ദാരുണാന്ത്യം
സംഭവം തിരുവനന്തപുരം വെള്ളറടയിൽ
തിരുവനന്തപുരം: വെള്ളറടയിൽ വാഹനാപകടത്തിൽ പരിക്കേറ്റയാളെ കടമുറിയിൽ പൂട്ടിയിട്ടതിനെത്തുടർന്ന് മധ്യവയസ്കന് ദാരുണാന്ത്യം. ചൂണ്ടിക്കൽ സ്വദേശി സുരേഷാണ് മരിച്ചത്.
സെപ്റ്റംബർ ഏഴിനാണ് സംഭവമുണ്ടായത്. റോഡിൽ നിൽക്കുന്നതിനിടെ ഇയാളെ ഇരുചക്ര വാഹനം ഇടിക്കുകയായിരുന്നു. തുടർന്ന് രണ്ടുപേർ കടമുറിയിലേക്ക് ഇയാളെ മാറ്റുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഈ കടമുറിയിലായിരുന്നു സുരേഷ് ഏറെക്കാലമായി താമസിക്കുന്നത്. കുടുംബവുമായി പിരിഞ്ഞുകഴിയുകയാണ് ഇയാൾ.
ഇന്നലെ രാത്രി ദുർഗന്ധമുണ്ടായതിനെ തുടർന്ന് നോക്കിയ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. ജീർണിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആരാണ് കൃത്യത്തിന് പിന്നിലെന്ന് അറിവായിട്ടില്ല.
അപകടത്തിൽ കാലിൽ പരിക്ക് മാത്രമാണ് ഉണ്ടായിരുന്നത്. ഇയാളെ അപകടം നടന്ന് ഉടനടി ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ വെള്ളറട പൊലീസ് അന്വേഷണം തുടങ്ങി.