പെറ്റിക്കേസിൽ കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ പൊലീസ് വിട്ടുനൽകിയില്ല; ഉപജീവനം മുടങ്ങിയതിൽ മനംനൊന്ത് ഡ്രൈവർ ജീവനൊടുക്കി

പലതവണ സ്റ്റേഷനിൽ ചെന്നിട്ടും മനോവിഷമം ഉണ്ടാക്കുന്ന തരത്തിൽ പെരുമാറിയതല്ലാതെ ഓട്ടോറിക്ഷ വിട്ടുനൽകിയില്ലെന്ന് സത്താർ ​ഫേസ്ബുക്ക് പോസ്റ്റിലെഴുതിയ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു

Update: 2024-10-08 05:41 GMT
Advertising

കാസർകോട്: പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ വിട്ടുനൽകാത്തതിന്റെ മനോവിഷമത്തിൽ ഓട്ടോ ഡ്രൈവർ ജീവനൊടുക്കി. കാസർകോട് റെയിൽവേ സ്റ്റേഷൻ റോഡിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന അബ്ദുൽ സത്താറാണ് (55) മരിച്ചത്. ഫേസ്ബുക്കിൽ മരണകാരണം കുറിച്ചുവെച്ചാണ് ജീവനൊടുക്കിയത്.

നാലുദിവസം മുമ്പ് കാസർകോട് ഗീത ജങ്ഷൻ റോഡിൽവെച്ച് സത്താർ ഗതാഗതനിയമം ലംഘിച്ചുവെന്ന കുറ്റത്തിന് ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വാഹനം വിട്ടുകിട്ടാൻ പലതവണ സ്റ്റേഷനിൽ ബന്ധപ്പെട്ടുവെങ്കിലും ഓട്ടോറിക്ഷ നൽകാൻ പൊലീസ് തയ്യാറായില്ല.

ഉപജീവന മാർഗമായ ഓട്ടോറിക്ഷ വിട്ടു​കിട്ടാത്തതിൽ അബ്ദുൽ സത്താർ കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. സഹപ്രവർത്തകരായ മറ്റ് ഓട്ടോറിക്ഷ ഡ്രൈവർമാർക്കൊപ്പം കാസർകോട് ഡിവൈഎസ്പിയെ പോയി കണ്ടിരുന്നു. ഓട്ടോറിക്ഷ വിട്ടുകൊടുക്കാൻ നിർദേശം നൽകിയെങ്കിലും പല കാരണങ്ങൾ പറഞ്ഞ് കീഴുദ്യോഗസ്ഥർ വീണ്ടും തടഞ്ഞുവെച്ചു. പലതവണ സ്റ്റേഷനിൽ ചെന്നിട്ടും മനോവിഷമം ഉണ്ടാക്കുന്ന തരത്തിൽ പെരുമാറിയതല്ലാതെ ഓട്ടോറിക്ഷ വിട്ടുനൽകിയില്ലെന്ന് സത്താർ ​ഫേസ്ബുക്ക് പോസ്റ്റിലെഴുതിയ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

ഇതിനു പിന്നാ​ലെയാണ് വാടക ക്വാ​ർട്ടേഴ്സിൽ സത്താറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നഗരത്തിലെ മുഴുവൻ ഓട്ടോറിക്ഷകളും പണിമുടക്കി. ആതമഹത്യചെയ്യുന്നതിന് മുമ്പ് ഓട്ടോ ഡ്രൈവർ ഫേസ്ബുക്ക് പേജിലെഴുതിയ കുറിപ്പടക്കം ഉൾപ്പെടുത്തി ​എൻ.എ നെല്ലിക്കുന്ന് എംഎൽഎ മുഖ്യമന്ത്രിക്ക് പരാതി നൽകി.

നാലുദിവസം മുമ്പ് കാസർകോട് നഗരത്തിലുണ്ടായ ട്രാഫിക് കുരുക്കിൽ തന്റെ ഓ​ട്ടോറിക്ഷ കുടുങ്ങിയെന്നും ടൗൺ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്​പെക്ടർ ഓട്ടോറിക്ഷയുടെ താക്കോൽ ഊരിക്കൊണ്ടുപോയെന്നും എഫ്ബിയിൽ കുറിച്ചു. പലതവണ സ്റ്റേഷനിൽ ചെന്നപ്പോൾ മനോവിഷമം ഉണ്ടാക്കുന്ന തരത്തിൽ പെരുമാറിയതല്ലാതെ ഓട്ടോറിക്ഷ വിട്ടുതന്നില്ലെന്നും ഇതിൽ മനംനൊന്താണ് താൻ ജീവനൊടുക്കുന്നതെന്നുമാണ് ഫേസ്ബുക്ക് പേജിലെ കുറിപ്പ്. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News