തൃശൂർ കേരളവർമ്മ കോളേജിൽ ഒന്നാം വർഷ വിദ്യാർഥികളെ സ്വാഗതം ചെയ്ത് എസ്എഫ്‌ഐ സ്ഥാപിച്ച പോസ്റ്റർ പ്രതിഷേധത്തെ തുടർന്ന് മാറ്റി
സഭ്യമല്ലാത്ത ചിത്രങ്ങളും എഴുത്തും കൊണ്ട് ഒന്നാം വർഷ വിദ്യാർത്ഥികളെ സ്വീകരിക്കാനാണ് എസ് എഫ് ഐ ശ്രമിച്ചതെന്ന് കെ എസ് യു, എ ബി വി പി സംഘടനകൾ ആരോപിച്ചു
തൃശൂർ കേരളവർമ്മ കോളേജിൽ ഒന്നാം വർഷ വിദ്യാർഥികളെ സ്വാഗതം ചെയ്ത് എസ്എഫ്‌ഐ സ്ഥാപിച്ച പോസ്റ്റർ പ്രതിഷേധത്തെ തുടർന്ന് മാറ്റി. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ അശ്ലീലം പ്രദർശിപ്പിച്ച് എസ്എഫ്‌ഐ, വിദ്യാർത്ഥികളെ അപമാനിക്കുകയാണെന്ന് കെ എസ് യു വിമർശിച്ചു. സഭ്യമല്ലാത്ത ചിത്രങ്ങളും എഴുത്തും കൊണ്ട് ഒന്നാം വർഷ വിദ്യാർത്ഥികളെ സ്വീകരിക്കാനാണ് എസ് എഫ് ഐ ശ്രമിച്ചതെന്ന് കെ എസ് യു, എ ബി വി പി സംഘടനകൾ ആരോപിച്ചു.
കേരള വർമ കോളേജ് എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റി നവാഗതരെ സ്വാഗതം ചെയ്ത് ക്യാമ്പസിൽ സ്ഥാപിച്ച പോസ്റ്ററുകളാണ് വിവാദമായത്. ക്യാമ്പസിലേക്ക് കടന്ന് വരുന്ന 17ഉം 18ഉം വയസുള്ള കുട്ടികളോട് എസ് എഫ് ഐ അശ്ലീലമാണോ സംവദിക്കാൻ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് കെ എസ് യു ആവശ്യപ്പെട്ടു.
ഇന്ത്യയെ അപമാനിച്ച് താലിബാനിസത്തെ വെള്ളപൂശാനാണ് എസ് എഫ് ഐ ശ്രമമെന്ന് എബിവിപിയും ആരോപിച്ചു. വിഷയം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായതോടെ സംസ്ഥാന കമ്മിറ്റിയുടെ നിർദേശ പ്രകാരം പോസ്റ്ററുകൾ എടുത്തു മാറ്റി. സാമൂഹ്യ പ്രാധാന്യമുള്ള നിരവധി ബാനറുകൾ കോളേജിൽ വച്ചിട്ടുണ്ടെന്നും അത് ചർച്ച ചെയ്യാതെ ഒരു ബാനർ മാത്രം ചർച്ച ചെയ്യുന്നത് ശരിയല്ലെന്നും എസ് എഫ് ഐ സംസ്ഥാന ജോയിൻ സെക്രട്ടറി ശരത് പ്രസാദ് പ്രതികരിച്ചു.