കെ- റെയിൽ പദ്ധതി ചർച്ച ചെയ്യാൻ റെയിൽവെ മന്ത്രി വിളിച്ച യോഗം ഇന്ന്
18 കോൺഗ്രസ് എം.പിമാർ യോഗത്തിൽ പങ്കെടുക്കും
കെ- റെയിൽ പദ്ധതി ചർച്ച ചെയ്യാൻ റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ വിളിച്ച യോഗം ഇന്ന്. 18 കോൺഗ്രസ് എം.പിമാർ യോഗത്തിൽ പങ്കെടുക്കും. എം.പിമാർ നിവേദനത്തിലൂടെ ഉന്നയിച്ച ആരോപണങ്ങളാണ് ചർച്ച ചെയ്യുക.
കെ- റെയിൽ പദ്ധതിയുടെ മറവിൽ വൻതോതിൽ അഴിമതി നടക്കാൻ പോകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളത്തിൽ നിന്നുള്ള കോണ്‍ഗ്രസ് എം.പിമാർ റെയിൽവെ മന്ത്രിക്ക് ഇന്നലെ നിവേദനം നൽകിയത്. വേണ്ടത്ര പാരിസ്ഥിതിക ആഘാത പഠനംപോലും നടത്താതെയാണ് സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്.
കെ- റെയിലിനെക്കാൾ കൂടുതൽ സാധ്യതയുള്ള പദ്ധതികൾ കേരളത്തിൽ നടപ്പാക്കാനാകുമെന്നും നിലവിലെ ലൈനുകൾ ബലപ്പെടുത്തുന്നതാകും കൂടുതൽ ലാഭകരമെന്നും നിവേദനത്തിലൂടെ എം.പിമാർ ചൂണ്ടിക്കാട്ടുന്നു. പദ്ധതി നടപ്പാക്കിയാൽ 30000ത്തോളം കുടുംബങ്ങളെ കുടി ഒഴിപ്പിക്കേണ്ടി വരും. ജനങ്ങളുടെ അഭിപ്രായം കേൾക്കാതെ ഏകപക്ഷീയമായി സർക്കാർ നിലപാടെടുക്കുന്നതിനുപിന്നിൽ വൻ അഴിമതിയുടെ കഥകളുണ്ടെന്നും എം.പിമാർ ആരോപിക്കുന്നു.
ഈ ആരോപണങ്ങൾ ഇന്നു ചേരുന്ന യോഗത്തിൽ വിശദമായി ചർച്ച ചെയ്യും. മൂന്ന് മണിക്കാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ശശി തരൂർ എം.പി യോഗത്തിൽ പങ്കെടുത്തേക്കില്ല. പദ്ധതിയെകുറിച്ച് വിശദമായി പഠിച്ച ശേഷം നിലപാടെടുക്കുമെന്നാണ് ശശി തരൂർ വ്യക്തമാക്കിയത്.