ഉദുമയിൽ ഡി.വൈ.എഫ്.ഐ നിർമ്മിച്ച വെയ്റ്റിംഗ് ഷെഡ് പ്രവർത്തകർ തന്നെ പൊളിച്ചുനീക്കി
ഡി. വൈ.എഫ്.ഐ സ്ഥാപിച്ച ഷെഡ് റോഡ് ഗതാഗതത്തിന് തടസമാണെന്ന പരാതിയെ തുടർന്നാണ് ഹൈക്കോടതി പൊളിച്ച് മാറ്റാൻ നിർദ്ദേശിച്ചത്
ഉദുമയിൽ ഡി.വൈ.എഫ്.ഐ നിർമ്മിച്ച വെയ്റ്റിംഗ് ഷെഡ് പ്രവർത്തകർ തന്നെ പൊളിച്ചുനീക്കി. ഡി. വൈ.എഫ്.ഐ സ്ഥാപിച്ച ഷെഡ് റോഡ് ഗതാഗതത്തിന് തടസമാണെന്ന പരാതിയെ തുടർന്നാണ് ഹൈക്കോടതി പൊളിച്ച് മാറ്റാൻ നിർദ്ദേശിച്ചത്. ഇരുപത് വര്‍ഷം മുമ്പ് നിര്‍മിച്ച ബസ് വെയ്റ്റിംഗ് ഷെഡ് കഴിഞ്ഞ വർഷം പൊലീസ് പൊളിച്ച് നീക്കിയിരുന്നു. അതിന് സമീപത്ത് അന്ന് തന്നെ നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രമാണ് ഇന്നലെ അർധരാത്രി പൊളിച്ചു നീക്കിയത്.
ഡി.വൈ.എഫ്.ഐ നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം റോഡ് ഗതാഗതത്തിന് തടസമാണെന്ന യൂത്ത് ലീഗിന്‍റെ പരാതി പരിഗണിച്ചാണ് ഷെഡ് പൊളിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്. 20 വർഷം മുൻപ് സ്ഥാപിച്ച ഷെഡ് കഴിഞ്ഞ വർഷം നവംബർ 18ന് പുലര്‍ച്ചെ ഉദ്യോഗസ്ഥ സംഘം പൊളിച്ചു മാറ്റുകയായിരുന്നു. ഇതിന് സമീപം അന്ന് തന്നെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മറ്റൊരു ഷെഡ് നിര്‍മിക്കുകയായിരുന്നു. ഇതിനെതിരെയും യൂത്ത് ലീഗ് കോടതിയെ സമീപിച്ചു. ഇതോടെയാണ് പുതിയ കാത്തിരിപ്പ് കേന്ദ്രവും പൊളിച്ചു നീക്കാൻ കോടതി ഉത്തരവ് നൽകിയത്. ഉത്തരവിന് സ്റ്റേ ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കോടതിയിൽ നൽകിയ ഹരജി തളളിയതോടെയാണ് രാത്രി ഷെഡ് പൊളിച്ചത്. ജില്ലാ കലക്ടറുടെ നിർദേശപ്രകാരം തിങ്കളാഴ്ച ഉച്ചയ്ക്ക് ഉദ്യോഗസ്ഥർ നേതാക്കളുമായി ചർച്ച നടത്തി ഷെഡ് പൊളിക്കുന്നതിന് ഡി.വൈ.എഫ്.ഐയ്ക്ക് സമയം അനുവദിച്ചിരുന്നു.