സൽനയ്ക്ക് മുന്നിൽ വീണ്ടും പഠനവഴി തെളിയുന്നു; ഫോൺ നൽകി മൊബൈൽ ഫോൺ റീട്ടെയിൽ അസോസിയേഷൻ
മഹാദുരന്തത്തിൽ കഴുത്തറ്റം ഉയർന്ന ചെളിവെള്ളത്തിൽ മണിക്കൂറുകളോളം പിടിച്ചു നിന്ന് അത്ഭുതകരമായാണ് പ്ലസ് ടുകാരി രക്ഷപ്പെട്ടത്
വയനാട്: മുണ്ടക്കൈ മഹാദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും മൊബൈൽ ഫോൺ ഇല്ലാത്തതിനാൽ പഠനം മുടങ്ങിയ സൽനക്ക് മുന്നിൽ പഠന വഴി വീണ്ടും തെളിയുന്നു. ഓൺലൈൻ ക്ലാസ്സിൽ ഇരിക്കാൻ വഴിയില്ലാതായ സൽനയെക്കുറിച്ചുള്ള മീഡിയവൺ വാർത്ത കണ്ട മൊബൈൽ ഫോൺ റീട്ടെയിൽ അസോസിയേഷൻ സൗജന്യമായി ഫോൺ ലഭ്യമാക്കിയതോടെയാണ് പ്ലസ് ടുക്കാരിയുടെ സ്വപ്നങ്ങൾക്ക് വീണ്ടും ചിറകു മുളച്ചത്.
മുണ്ടക്കൈ മഹാദുരന്തത്തിൽ കഴുത്തറ്റം ഉയർന്ന ചെളിവെള്ളത്തിൽ മണിക്കൂറുകളോളം പിടിച്ചു നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട പ്ലസ് ടു വിദ്യാർഥി സൽനയുടെ വാക്കുകളാണ് മൊബൈൽ ഫോൺ റീട്ടെയിൽ അസോസിയേഷൻ ഭാരവാഹികളെ ഈ മിടുക്കിയിലേക്ക് എത്തിച്ചത്.
വീട്ടിലേക്ക് ഇരച്ചെത്തിയ ഉരുൾ വെള്ളത്തിൽ നിന്ന് പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും സൽനയുടെ വീട്ടിലെ ഫോൺ വെള്ളത്തിൽ ഒലിച്ചുപോയിരുന്നു. പഠനം തുടരാൻ വഴി തെളിഞ്ഞതോടെ സൽനയുടെ മുഖത്ത് വീണ്ടും ചിരി തെളിഞ്ഞു. സൽനയെ പോലെ ഇനിയും ആരെങ്കിലും ഉണ്ടെങ്കിൽ അവരെ സഹായിക്കാനും തങ്ങൾ തയ്യാറാണെന്ന് മൊബൈൽ ഫോൺ റീട്ടെയിൽ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.