എഡിജിപിക്കെതിരായ അന്വേഷണം നേർവഴിയിലോ എന്നതിൽ ആശങ്ക; നിലവിൽ തണുപ്പൻ രീതിയെന്നും പി.വി അൻവർ

എഡിജിപി തനിക്കെതിരെ സമാന്തര അന്വേണം നടത്തുന്നുണ്ട്. ‌‌അജിത് കുമാറിനെ പദവിയില്‍ നിന്ന് മാറ്റേണ്ടത് അനിവാര്യമാണെന്നും പി.വി അൻവർ മീഡിയവൺ സ്പെഷൽ എഡിഷനിൽ.

Update: 2024-09-19 16:48 GMT
Advertising

കോഴിക്കോട്: എഡിജിപി എം.ആർ അജിത് കുമാറിനെതിരായ അന്വേഷണം ശരിയായ വഴിയിലാണോ എന്നതിൽ ആശങ്കയുണ്ടെന്ന് പി.വി അൻവർ എംഎൽഎ. അജിത് കുമാർ തനിക്കെതിരെ സമാന്തര അന്വേണം നടത്തുന്നുണ്ട്. ‌‌അജിത് കുമാറിനെ പദവിയില്‍ നിന്ന് മാറ്റേണ്ടത് അനിവാര്യമാണെന്നും പി.വി അൻവർ മീഡിയവൺ സ്പെഷൽ എഡിഷനിൽ പറഞ്ഞു.

ജനങ്ങൾക്കിടയിൽ സംശയമുണ്ടാക്കാനുള്ള സാഹചര്യം സർക്കാർ ഉണ്ടാക്കരുതെന്നും അജിത്കുമാറിനെതിരായ അന്വേഷണത്തിൽ ഒരു തണുപ്പൻ രീതിയുണ്ടെന്നും അതിനാൽ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അജിത്തിനെ മാറ്റാന്‍ ആവശ്യമായ കാരണങ്ങളുണ്ട്. എന്നിട്ടും മാറ്റാത്തത് ശരികേടാണെന്നും ജനങ്ങളുടെ സംശയത്തെ ബലപ്പെടുത്തുന്ന സമീപനമാണ് നിലവിലുള്ളതെന്നും അന്‍വര്‍ വ്യക്തമാക്കി.

'ഞാനുന്നയിച്ച വിഷയങ്ങളെ കുറിച്ചുള്ള അന്വേഷണത്തിനാണ് ഡിജിപിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ സർക്കാർ നിയോഗിച്ചിട്ടുള്ളത്. അവർ അന്വേഷണം നടത്തുന്നുണ്ട്. പക്ഷേ എഡിജിപിയുടെ നേതൃത്വത്തിലുള്ള പാരലൽ അന്വേഷണസംഘം എനിക്കെതിരെ അന്വേഷണം നടത്തുന്നു. എനിക്കെങ്ങനെയാണ് ഈ വിവരങ്ങൾ കിട്ടിയത്, ആരൊക്കെയാണ് എന്നെ സഹായിച്ചത്, എങ്ങനെയാണ് ഈ കാര്യങ്ങളൊക്കെ പുറത്തുവന്നത്, എവിടെനിന്നാണ് ചോർന്നത് എന്നൊക്കെയാണ് ഇവരുടെ അന്വേഷണം'.

'ഈ വിഷയത്തിൽ ഞാൻ ആശങ്ക അറിയിച്ചു. എനിക്ക് ഇനിയും ഒരുപാട് തെളിവുകൾ ശേഖരിക്കാനുണ്ട്. അത് തരാൻ തയാറുള്ള പലരും പൊലീസുമായി ബന്ധപ്പെട്ടവർ തന്നെയാണ്. അവരൊക്കെ ഇപ്പോൾ ഭയപ്പാടിലാണ്. കാരണം അജിത്കുമാറെന്ന നൊട്ടോറിയസ് ക്രിമിനൽ കസേരയിൽ ഇരിക്കുകയല്ലേ. ക്രിമിനൽ മനസുള്ള, ഇത്രയും ശക്തനായ ഒരാൾ ആ കസേരയിൽ ഇരിക്കുന്ന കാലത്തോളം കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിൽ എനിക്ക് പരിമിതിയുണ്ട്. ഈ രണ്ടു പ്രശ്‌നങ്ങളാണ് ഞാനിപ്പോൾ വ്യക്തിപരമായി നേരിടുന്നത്'- അൻവർ വിശദമാക്കി.

'എഡിജിപിയെ സംബന്ധിച്ചുള്ള ഒരു മാസത്തെ റിപ്പോർട്ട് നൽകാനാണ് സർക്കാർ പ്രത്യേകാന്വേഷണ സംഘത്തോട് നിർദേശിച്ചിട്ടുള്ളത്. അത് വരട്ടെയെന്നാണ് മുഖ്യമന്ത്രിയും പറഞ്ഞത്. അതിലൊരു ന്യായമുണ്ട്. പക്ഷേ എനിക്ക് കൂടുതൽ തെളിവുകൾ കൊടുക്കാനാവുന്നില്ല. അത് ഈ കേസന്വേഷണത്തെ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ബാധിക്കുന്നുണ്ട്'.

'അയാളെ ചുമതലയിൽനിന്ന് മാറ്റാൻ ഞാനുന്നയിച്ച കാര്യങ്ങൾ മാത്രമല്ല, ആർഎസ്എസുമായുള്ള കൂടിക്കാഴ്ചയടക്കം പല കാരണങ്ങളുണ്ട്. ആ കൂടിക്കാഴ്ച തന്നെയാണ് മാറ്റേണ്ടതിനുള്ള ഏറ്റവും വലിയ കാരണം. ഈ സാഹചര്യത്തിൽ അജിത്കുമാറിനെ ഇനിയും ആ സീറ്റിലിരുത്തുന്നതിൽ എന്തർഥം. അതൊരു ശരികേട് തന്നെയാണ്. എന്താണ് മാറ്റാതിരിക്കാനുള്ള സർക്കാരിനുള്ള സമ്മർദം എന്നറിയില്ല'- അൻവർ പറഞ്ഞു.

അരിയാഹാരം കഴിക്കുന്ന ജനങ്ങളാണ് കേരളത്തിലുള്ളത്. അവരിൽ ആവശ്യമില്ലാത്ത സംശയം ജനിപ്പിക്കാനേ ഈ നിലപാട് ഇടവരുത്തൂ. എന്തിനാണ് അങ്ങനൊരു സംശയം ഉണ്ടാക്കുന്നത്. അജിത്കുമാറിനെ ആ സ്ഥാനത്തുനിന്ന് മാറ്റുന്നതിന് എന്താണ് കുഴപ്പം. തനിക്ക് മനസിലാവുന്നില്ല. അജിത്കുമാറിനെതിരായ അന്വേഷണത്തിൽ ഒരു തണുപ്പൻ രീതിയുണ്ടെന്നും അതിനാൽ ആശങ്കയുണ്ടെന്നും പറഞ്ഞ എംഎൽഎ, താൻ കൊടുത്ത തെളിവുകളിൽ അതുമായി ബന്ധപ്പെട്ട ആളുകളെ ഈ അന്വേഷണത്തിന്റെ ഭാഗമായി വിളിപ്പിക്കുകയോ മൊഴിയെടുക്കുകയോ ചെയ്തിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News