കളമശ്ശേരി നഗരസഭയില്‍ യു.ഡി.എഫിന് ഭരണം നഷ്ടപ്പെടാന്‍ സാധ്യത കൂടി
കോണ്‍ഗ്രസ് വിമതന്‍റെ പിന്തുണയോടെ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ബി.ജെ.പി പിന്തുണച്ചാല്‍ യു.ഡി.എഫ് ഭരണം വീഴും
കൊച്ചി: എറണാകുളം കളമശ്ശേരി നഗരസഭയില്‍ യു.ഡി.എഫിന് ഭരണം നഷ്ടപ്പെടാന്‍ സാധ്യത കൂടി. എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കാനാണ് ബി.ജെ.പിയിലെ ധാരണ. കോണ്‍ഗ്രസ് വിമതന്‍റെ പിന്തുണയോടെ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ബി.ജെ.പി പിന്തുണച്ചാല്‍ യു.ഡി.എഫ് ഭരണം വീഴും. ഡിസംബര്‍ അഞ്ചിനാണ് അവിശ്വാസ പ്രമേയ ചര്‍ച്ച.
42 അംഗ കൗണ്‍സിലില്‍ രണ്ട് വിമതരുടെ പിന്തുണയോടെ 22 സീറ്റുമായാണ് കളമശ്ശേരിയിലെ യു.ഡി.എഫ് ഭരണം. രണ്ട് യു.ഡി.എഫ് വിമതരില്‍ ഒരാളുടെ പിന്തുണ ഉറപ്പാക്കിയാണ് എല്‍.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ഏക ബി.ജെ.പി കൗണ്‍സിലര്‍ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചാല്‍ യു.ഡി.എഫ് ഭരണം വീഴും.
കോണ്‍ഗ്രസിലെ ചേരിപ്പോരാണ് എല്‍.ഡി.എഫിന്‍റെ അവിശ്വാസ പ്രമേയത്തിന് വഴിവെച്ചത്. കൂറുമാറിയ അംഗം കെ എച്ച് സുബൈറിന് വൈസ് ചെയര്‍മാന്‍ സ്ഥാനം സി.പി.എം വാഗ്ദാനം ചെയ്തുവെന്നാണ് വിവരം. മന്ത്രി പി.രാജീവിന്‍റെ മണ്ഡലം കൂടിയാണ് കളമശ്ശേരി. അതുകൊണ്ട് തന്നെ നഗരസഭാ ഭരണം അട്ടിമറിക്കാന്‍ അരയും തലയും മുറുക്കി സി.പി.എം സംവിധാനങ്ങള്‍ സജീവമാണ്. പ്രതിപക്ഷ നേതാവിന്‍റെ ജില്ലയിലെ ഒരു നഗരസഭാ കൈവിട്ടു പോകുന്നത് തടയാനുള്ള പരിശ്രമത്തിലാണ് ഡി.സി.സി നേതൃത്വം.