തൃക്കാക്കരയിൽ സഹതാപ തരംഗം ഉണ്ടാവില്ല: ഇ.പി ജയരാജൻ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർഥിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ

Update: 2022-05-04 08:19 GMT
Editor : Dibin Gopan | By : Web Desk
Advertising

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർഥിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. സഹതാപ തരംഗം തൃക്കാക്കരയിൽ ഉണ്ടാവില്ലെന്നും എൽ.ഡി.എഫ് കൺവീനർ പറഞ്ഞു. സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടാകും. യു.ഡി.എഫ് തകർന്ന് കൊണ്ടിരിക്കുകയാണ്. ഉമ തോമസിനെ സ്ഥാനാർഥിയാക്കിയത് യു.ഡി.എഫിലെ പ്രതിസന്ധി മറികടക്കാനാണെന്നും മുന്നണി അധികകാലം ഉണ്ടാവില്ലെന്നും ഇ.പി ജയരാജൻ പറഞ്ഞു.

തൃക്കാക്കരയിൽ ഇടതുമുന്നണി അഭിമാനകരമായ നേട്ടമുണ്ടാക്കുമെന്ന് സി.പി.എം പി.ബി അംഗം എം.എ ബേബി. വികസന രാഷ്ട്രീയം ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കാൻ പ്രാപ്തനായ സ്ഥാനാർഥിയായിരിക്കും എൽ.ഡി.എഫിന്റേത്. ഉമ തോമസിന് സഹതാപ വോട്ട് ലഭിക്കില്ല. കെ.വി തോമസിന്റെ നിലപാട് മണ്ഡലത്തിൽ ചലനങ്ങളുണ്ടാക്കുമെന്നും എം.എ ബേബി മീഡിയവണിനോട് പറഞ്ഞു.

അതേസമയം, സ്ഥാനാർഥിത്വ പ്രഖ്യാപനത്തിനു പിന്നാലെ പ്രചരണം കൊഴുപ്പിച്ച് തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ്. ഭവന സന്ദർശനവും കുടുംബയോഗവുമായിരുന്നു ആദ്യ പരിപാടികൾ.സ്ഥാനാർഥി പ്രഖ്യാപനം വന്നതുമുതൽ ആവേശത്തിലായിരുന്നു പാർട്ടി പ്രവർത്തകർ. പി.ടിയെ സ്‌നേഹിക്കുന്നവർ തനിക്കൊപ്പമുണ്ടാകുമെന്നും പി.ടിയുടെ ഓർമ്മകൾക്കു മുന്നിൽ എതിർ സ്വരങ്ങൾ ഇല്ലാതാകുമെന്നും ഉമ തോമസ് പറഞ്ഞു. ഭവന സന്ദർശനവും കുടുംബയോഗവുമായി ആദ്യദിനം തന്നെ സജീവമായിരുന്നു യു.ഡി.എഫ് ക്യാമ്പ്

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എം.പി.മാരായ ഹൈബി ഈഡൻ, ജെബി മേത്തർ, ടി.ജെ വിനോദ് എം.എൽ.എ, ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് തുടങ്ങി നേതാക്കളും പ്രവർത്തകരും പ്രചരണ പരിപാടികളിൽ സജീവമായി.മണ്ഡലം ബൂത്ത് വാർഡ് തല കൺവൻഷനുകൾ സംഘടിപ്പിച്ച് വരും ദിനങ്ങളിൽ പ്രചരണം കൊഴുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് യു.ഡി.എഫ് നേതൃത്വം.

Full View

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News