അവർ അവിടെയെത്തി: കാണാതായ കുട്ടികൾ മണിപ്പൂരിലെത്തിയതായി സ്ഥിരീകരണം
മണിപ്പൂരിലെത്തിയ കുട്ടികളെ കുക്കി അസോസിയേഷന്റെ ഭാരവാഹികൾ സ്വീകരിച്ചു
തിരുവനന്തപുരം: മണിപ്പൂരിൽ നിന്നും തിരുവല്ലയിലെ സത്യം മിനിസ്ട്രീസിലെത്തുകയും പിന്നീട് കാണാതാവുകയും ചെയ്ത കുട്ടികൾ തിരിച്ച് മണിപ്പൂരിൽ എത്തി. കാണാതായ 20 കുട്ടികളും മണിപ്പൂരിൽ എത്തിയെന്ന് കുക്കി അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. കുക്കി അസോസിയേഷന്റെ ഭാരവാഹികൾ പത്തനംതിട്ടയിലാണ് ഇക്കാര്യം അറിയിച്ചത്. മണിപ്പൂരിലെത്തിയ കുട്ടികളെ കുക്കി അസോസിയേഷന്റെ ഭാരവാഹികളെത്തിയാണ് റെയിൽവേ സ്റ്റേഷനിൽ സ്വീകരിച്ചത്.
എന്നാൽ മണിപ്പൂർ സി.ഡബ്ള്യു.സി യിൽ നിന്നും ഔദ്യോഗിക വിശദീകരണം ലഭിച്ചില്ലെന്ന് പത്തനംതിട്ട സിഡബ്ള്യുസി ചെയർമാൻ അറിയിച്ചു. മണിപ്പൂരിൽ നിന്നും തിരുവല്ലയിൽ എത്തിച്ച കുട്ടികളെ കാണാതായതിൽ ചുരാചാങ്പുർ സി.ഡബ്ല്യു.സിക്ക് പത്തനംതിട്ട ശിശുക്ഷേമസമിതി കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. 56 കുട്ടികളെ തിരുവല്ലയിലേക്ക് കൊണ്ടുവന്നു എന്നാണ് സി.ഡബ്ല്യൂ.സി പറയുന്നത്. എന്നാൽ 48 കുട്ടികളെ മാത്രമാണ് കൊണ്ടുവന്നതെന്ന് പറഞ്ഞ് സത്യം മിനിസ്ട്രീസ് രംഗത്ത് വന്നിരുന്നു. ഇതിൽ 20 കുട്ടികളെ തിരിച്ചയച്ചെന്നും അതിന് തങ്ങളുടെ കൈയിൽ രേഖകളുണ്ടെന്നുമാണ് സത്യം മിനിസ്ട്രീസ് കഴിഞ്ഞ ദിവസം വരെ പറഞ്ഞിരുന്നത്.
മണിപ്പൂരിൽ നിന്ന് അനുമതിയില്ലാതെയാണ് കുട്ടികളെ എത്തിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന് തിരുവല്ലയിലെ സത്യം മിനിസ്ട്രീസിനെതിരെ ചൈൽഡ് വെൽഫയർ കമ്മിറ്റി നടപടിക്ക് തയ്യാറായിരുന്നു. ചട്ടം ലംഘിച്ചാണ് മണിപ്പൂരിൽ നിന്ന് കുട്ടികളെ എത്തിച്ചതെന്നായിരുന്നു സി.ഡബ്ല്യു.സി യുടെ കണ്ടെത്തൽ. ഇതിനെ തുടർന്ന് കുട്ടികളെ സമീപത്തുള്ള സ്ഥാപനങ്ങളിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കുട്ടികളെ കാണാതായത്.
WATCH VIDEO REPORT