തിരുവനന്തപുരം ജില്ലാ കലക്ടർ സ്ഥിരമായി ചികിത്സ തേടുന്നത് സ്വകാര്യ ആശുപത്രിയില്‍; സർക്കാർ അനുവദിച്ചത് 53,000 രൂപ
കലക്ടർക്ക് എതിരെ നടപടി ആവശ്യം ശക്തമാക്കാൻ ആണ് സർവീസ് സംഘടനകളുടെ നീക്കം
തിരുവനന്തപുരം: സർക്കാർ ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിവാദത്തിൽ പെട്ട തിരുവനന്തപുരം ജില്ലാ കലക്ടർ ജെറോമിക് ജോര്‍ജ് സ്ഥിരമായി ചികിത്സ തേടുന്നത് സ്വകാര്യ ആശുപത്രിയിൽ. ഈ വർഷം ഇതുവരെ 53,000 ത്തോളം രൂപയാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിന് സർക്കാർ അനുവദിച്ചത്. കലക്ടർക്ക് എതിരെ നടപടി ആവശ്യം ശക്തമാക്കാൻ ആണ് സർവീസ് സംഘടനകളുടെ നീക്കം.
സര്‍ക്കാര്‍ ആശുപത്രിയിൽ വലിയ തിരക്കുള്ള സമയത്താണ് കുഴിനഖ ചികിത്സയ്ക്ക് ഡോക്ടറെ ജില്ലാ കലക്ടർ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്.ഇതിനെ വിമർശിച്ച ജോയിന്‍റ് കൗൺസിൽ നേതാവിനെതിരെ കളക്ടർ പരാതി നൽകുകയും പരാതിയുടെ അടിസ്ഥാനത്തിൽ റവന്യൂ സെക്രട്ടറി സംഘടനാനേതാവിനെതിരെ ചാർജ് മെമ്മോ നൽകുകയും ചെയ്തിരുന്നു. സാധാരണ നിലയിൽ കലക്ടറും കുടുംബവും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടുന്നതെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഈ വര്‍ഷം തന്നെ ആറ് തവണ ജില്ലാ കലക്ടർ ജെറോമിക് ജോർജിന് വേണ്ടി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചികിത്സാ ചെലവ് അനുവദിച്ചിട്ടുണ്ട്.. ജനുവരി മൂന്നിന് 3,603രൂപയും, ജനുവരി 10ന് 2,325 രൂപയും, ജനുവരി 17ന് 37,478 രൂപയും, ഏപ്രില്‍ 18ന് 3785 രൂപയും, മെയ് ഒമ്പതിന് 3,188 രൂപയും അനുവദിച്ചിട്ടുണ്ട് . ഇതുവരെ 53361 രൂപ. അതേസമയം കലക്ടർക്കെതിരെ ഇടഞ്ഞു നിൽക്കുന്ന സർവീസ് സംഘടനകൾ നിലപാട് കടുപ്പിക്കാൻ ഒരുങ്ങുകയാണ്.ജീവനക്കാരോട് തുടർച്ചയായി മോശമായി പെരുമാറുന്ന കലക്ടര്‍ക്കെതിരെ നിലപാട് ശക്തമാക്കാൻ ആണ് സർവീസ് സംഘടനകളുടെ നീക്കം. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം മാറുന്ന മുറയ്ക്ക് കലക്ടർക്കെതിരെ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.