'ഇത് ചരിത്ര നിയോഗം'; മറ്റ് സംഘടനകളും മാതൃകയാക്കണമെന്ന് ലയ മരിയ ജെയ്‌സണ്‍
ഊർജത്തോടെ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ടെന്നും ട്രാൻസ്‌ജെൻഡർ സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും ലയ വ്യക്തമാക്കി
പത്തനംതിട്ട: ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതില്‍ വാനോളമാണ് സന്തോഷമെന്ന് ലയ മരിയ ജെയ്‌സണ്‍. ആദ്യമായാണ് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ സംസ്ഥാന കമ്മിറ്റിയില്‍ ഇടം നേടുന്നത്. ഇതൊരു ചരിത്ര നിയോഗമാണെന്നും ട്രാൻസ്ജെൻഡർ സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് ലയ മീഡിയവണിനോട് പറഞ്ഞു.
'സംഘടന സ്വീകരിച്ചത് ഏറ്റവും വലിയ തീരുമാനമാണ്. ഇനിയുള്ള ഉത്തരവാദിത്തങ്ങളും വലുതാണ്. അതിനോട് ചേര്‍ന്ന് നിന്നുകൊണ്ട് പ്രവര്‍ത്തിക്കും' ലയ വ്യക്തമാക്കി. ഊര്‍ജത്തോടെ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ടെന്നും മറ്റ് സംഘടനകളും ഇത് മാതൃകയാക്കണമെന്നും ലയ കൂട്ടിച്ചേര്‍ത്തു.
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനായുള്ള സര്‍ക്കാരിന്‍റെ പദ്ധതികള്‍ നല്ല രീതിയില്‍ മുന്നോട്ട് പോകുന്നുണ്ടെന്നും സംവരണമടക്കം നടപ്പിലാക്കാന്‍ എത്രയും വേഗം സാധിക്കുമെന്നും ലയ ചൂണ്ടിക്കാട്ടുന്നു. ചങ്ങനാശേരി ഇത്തിക്കാനം സ്വദേശിയായ ലയ കോട്ടയം ജില്ലാ കമ്മറ്റി അംഗമാണ്. നിലവില്‍ തിരുവനന്തപുരം സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡില്‍ ഇ- സ്‌ക്വയര്‍ ഹബ് പ്രൊജക്ടില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്‍റായി ജോലി ചെയ്യുന്നു.