തൊപ്പി വളാഞ്ചേരി പൊലീസ് സ്റ്റേഷനിൽ; ജാമ്യമെടുക്കാൻ ആരെങ്കിലും വന്നാൽ വിട്ടയക്കും
തൊപ്പിക്കെതിരെ സ്ത്രീകൾ പരാതി നൽകിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
മലപ്പുറം: പൊതുവേദിയില്‍ അശ്ലീല പദപ്രയോഗം നടത്തിയെന്ന കേസിൽ ഗെയിമറും യൂട്യൂബറുമായ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദ് വളാഞ്ചേരി പൊലീസ് സ്റ്റേഷനിൽ. ഇന്ന് രാവിലെയോടെയാണ് തൊപ്പിയെ സ്റ്റേഷനിൽ എത്തിച്ചത്. ഇയാളുടെ ലാപ്ടോപ്പും മൊബൈലും പോലീസ് പരിശോധിച്ച് വരികയാണ്. ഇതിനിടെ തൊപ്പിക്കെതിരെ സ്ത്രീകൾ പരാതി നൽകിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
ഇയാൾ പോസ്റ്റ് ചെയ്യുന്ന വീഡിയോകളിൽ സ്ത്രീകൾക്കെതിരെ നിരന്തരം അധിക്ഷേപങ്ങളും അശ്‌ളീല പ്രയോഗങ്ങളും ഉണ്ടാകാറുണ്ടെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. ഇന്നലെ അർധരാത്രിയാണ് കൊച്ചിയിലെത്തി പോലീസ് തൊപ്പിയെ കസ്റ്റഡിയിൽ എടുത്തത്. സുഹൃത്തിന്റെ താമസസ്ഥലത്ത് കഴിയുകയായിരുന്നു ഇയാൾ. പലതവണ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ കൂട്ടാക്കിയില്ല.
ഇതിനിടെ യൂട്യൂബിൽ ലൈവ് പോയ തൊപ്പി പോലീസ് വാതിൽ ചവിട്ടിപ്പൊളിക്കുകയായിരുന്നു എന്ന് ആരോപിച്ചു. എന്നാൽ, വാതിൽ തുറക്കാൻ കഴിയുന്നില്ലെന്നും ചവിട്ടിപ്പൊളിക്കുകയെ വഴിയുള്ളൂ എന്നും തൊപ്പി പറയുന്നത് വീഡിയോയിൽ വ്യക്തമാണ്. ലാപ്ടോപ്പിലെ തെളിവുകൾ നശിപ്പിക്കാൻ ഇയാൾ നടത്തിയ നാടകമാണോ ഇതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. തെളിവുകൾ നശിപ്പിക്കുന്നത് കണക്കിലെടുത്താണ് തൊപ്പിയെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്തതെന്നും പോലീസ് വ്യക്തമാക്കി.
നിലവിൽ ജാമ്യമില്ലാ വകുപ്പുകളൊന്നും ഇയാൾക്കെതിരെ ചുമത്തിയിട്ടില്ല. ജാമ്യമെടുക്കാൻ ആരെങ്കിലും വന്നാൽ ഉടൻ തന്നെ വിട്ടയക്കുമെന്നും പോലീസ് വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ വസ്ത്രക്കടയുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു വിവാദ പരാമർശം. അശ്ലീല പദപ്രയോഗം നടത്തിയതിനു പുറമെ ഗതാഗതതടസം സൃഷ്ടിച്ചെന്നും കേസുണ്ട്. കടയുടമയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്. വളാഞ്ചേരി പൈങ്കണ്ണൂർ പാണ്ടികശാല സ്വദേശിയും സന്നദ്ധപ്രവർത്തകനുമായ സെയ്ഫുദ്ദീൻ പാടത്തും എ.ഐ.വൈ.എഫ് നേതാവ് മുർശിദുൽ ഹഖും നൽകിയ പരാതികളിലാണ് നടപടി.