സാലറി ചലഞ്ച്: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാത്തവർക്ക് പി.എഫ് വായ്പക്ക് അപേക്ഷിക്കാനാകുന്നി​ല്ലെന്ന് പരാതി

പ്രതിഷേധവുമായി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ

Update: 2024-08-24 10:26 GMT
Advertising

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ സർക്കാർ ​പ്രഖ്യാപിച്ച സാലറി ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാത്തവർക്ക് പി.എഫ് വായ്പാ അപേക്ഷ സമർപ്പിക്കാൻ കഴിയുന്നില്ലെന്ന് പരാതി. വിഷയം ഉന്നയിച്ച് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രതിഷേധിച്ചു. ഇതിനെതിരെ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.

സാലറി ചലഞ്ചിന് നിശ്ചിത സമയ പരിധിക്കുള്ളിൽ സമ്മതപത്രം നൽകിയില്ലെങ്കിൽ സമ്മതമായി അനുമാനിക്കുമെന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് ഡയറക്ടറുടെ കത്തും വിവാദമാകുന്നുണ്ട്. സംഭവാന ചെയ്യാൻ ഉദ്ദേശിക്കുന്ന തുക, ചെയ്യുന്ന വിധം എന്നിവ പൂരിപ്പിച്ച സമ്മതപത്രം ധനകാര്യ വിഭാഗത്തിൽ ആഗസ്റ്റ് 24ന് മുമ്പ് അറിയിക്കണമെന്നാണ് കത്ത്. നിശ്ചിത സമയപരിധിക്കുള്ളിൽ സമ്മതപത്രം നൽകാത്തപക്ഷം സമ്മതമാണെന്ന് അനുമാനിക്കുന്നതാണെന്നും കത്തിൽ പറയുന്നു.

'റീബില്‍ഡ് വയനാട്' പദ്ധതിയിലേക്ക് സർക്കാർ ജീവനക്കാർ ചുരുങ്ങിയത് അഞ്ചു ദിവസത്തെ ശമ്പളം സംഭാവനയായി നൽകണമെന്നാണ് സർക്കാർ ഉത്തരവിട്ടിട്ടുള്ളത്. ശമ്പളം നൽകാൻ ജീവനക്കാർ സമ്മതപത്രം നൽകണം.

സാലറി ചലഞ്ച് വഴി കിട്ടുന്ന തുക പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റും. തുക നൽകുന്നവർ പരമാവധി മൂന്ന് ഗഡുക്കളായി നൽകണം. അഞ്ചിൽ കൂടുതൽ ദിവസം സംഭാവന നൽകുന്നവർ ഒരു മാസം ചുരുങ്ങിയത് രണ്ട് ദിവസത്തെ ശമ്പളം നൽകണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

പി.എഫ് തുകയും ജീവനക്കാർക്ക് സംഭാവനയായി നൽകാം. അടുത്ത മാസത്തെ ശമ്പളം മുതൽ പണം ഈടാക്കിത്തുടങ്ങും. സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് നേരത്തെ മുഖ്യമന്ത്രി സർവീസ് സംഘടനാ നേതാക്കളുടെ യോഗം വിളിച്ചു ചർച്ച നടത്തിയിരുന്നു. പത്തു ദിവസത്തെ ശമ്പളമായിരുന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ഇത് സർവീസ് നേതാക്കൾ എതിർത്തു. ഒടുവിൽ അഞ്ചു ദിവസത്തിൽ ധാരണയിലെത്തുകയായിരുന്നു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News