നായയെ കൊല്ലാൻ വെച്ച വൈദ്യുതി കെണിയിൽ കുടുങ്ങി മരണം; പാലക്കാട്ട് മൂന്ന് പേർ അറസ്റ്റിൽ
വീടിനു സമീപത്തെ വൈദ്യുതി ലൈനിൽ നിന്നാണ് പ്രതികൾ കെണിയിലേക്ക് വൈദ്യുതി വലിച്ചത്
പാലക്കാട്: ശ്രീകൃഷ്ണപുരത്ത് തെരുവുനായയെ കൊല്ലാൻ വെച്ച വൈദ്യുതി കെണിയിൽ കുടുങ്ങി ഗൃഹനാഥൻ മരിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ശ്രീകൃഷ്ണപുരം കുറുവട്ടൂർ ഇടുപടിക്കൽ സഹജന്റെ മരണത്തിലാണ് സഹോദരങ്ങളുടെ മക്കളായ ഇടുപടിക്കൽ രാജേഷ്, പ്രമോദ്, പ്രവീൺ എന്നിവർ അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് സഹജന് വീട്ടുവളപ്പിൽ നിന്ന് ഷോക്കേറ്റത്. തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹജനും സഹോദരന്മാരും ഒരേ വളപ്പിലെ വീടുകളിലാണ് താമസം. എന്നാൽ സഹജന്റെ സഹോദരങ്ങളുടെ മക്കൾ കഴിഞ്ഞദിവസം തെരുവുനായ്ക്കളെ കൊല്ലുന്നതിനായി വീട്ടുവളപ്പിൽ വൈദ്യുതി ഷോക്ക് വെച്ചു. ഷോക്ക് വെച്ച കമ്പിയിൽ സഹജൻ പെടുകയായിരുന്നുവെ പൊലീസ് പറഞ്ഞു.
വീടിനു സമീപത്തെ വൈദ്യുതി ലൈനിൽ നിന്നാണ് പ്രതികൾ കെണിയിലേക്ക് വൈദ്യുതി വലിച്ചത്. പ്രതികൾക്കെതിരെ കൊലപാതക കുറ്റം, വൈദ്യുതി മോഷണം എന്നീ വകുപ്പുകൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Three arrested in electric shock Death case In palakkad