വിഎസ്എസ്‌സി പരീക്ഷ തട്ടിപ്പ്; ആൾമാറാട്ട കോപ്പിയടിക്ക് പ്രതിഫലം ഏഴ് ലക്ഷം

മുഖ്യ സൂത്രധാരനടക്കം മൂന്ന് പ്രതികളെ തിരുവനന്തപുരത്ത് എത്തിച്ചു

Update: 2023-08-29 04:29 GMT
Editor : abs | By : Web Desk
Advertising

തിരുവനന്തപുരം: വിഎസ്എസ്‌സി പരീക്ഷയിൽ ആൾമാറാട്ടം നടത്തി കോപ്പിയടിക്കുന്നതിനു ഏഴ് ലക്ഷം രൂപയാണ് പ്രതിഫലമെന്നു ഉദ്യോ​ഗാർഥി. തിരുവനന്തപുരത്തെത്തി തട്ടിപ്പ് നടത്തിയവർക്ക് പ്രതിഫലം മുൻകൂറായി നൽകിയെന്നും പിടിയിലായ ഉദ്യോഗാർഥി സമ്മതിച്ചു. കേരള പൊലീസ് ഹരിയാനയിലെത്തി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ഉള്ളുകളികൾ വ്യക്തമാക്കുന്ന വിവരങ്ങൾ ലഭിച്ചത്.

തട്ടിപ്പിന് പിന്നിൽ പ്രവർത്തിക്കുന്നത് ഹരിയാനയിലെ ജിണ്ട് ജില്ലയിലെ വൻ സംഘമാണ്. പ്രതികൾ ഹരിയാനയിൽ പല തവണ പരീക്ഷ തട്ടിപ്പ് നടത്തി പിടിയിലാവരുമാണ്. മുഖ്യ സൂത്രധാരൻ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്തെത്തിച്ചു. 

കേസിൽ 9 പേരെയാണ് ഹരിയാനയിലെത്തി കേരള പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ രണ്ടു പേർ തട്ടിപ്പിന്റെ മുഖ്യ ആസൂത്രകരാണ്. തട്ടിപ്പിനുള്ള ഉപകരണങ്ങൾ നൽകിയതും ഉത്തരങ്ങൾ പറഞ്ഞ് നൽകിയതും ഇവരാണെന്ന് പൊലീസ് പറഞ്ഞു. പിടിയിലായവരിൽ ഒരാൾ ഗ്രാമമുഖ്യൻ ഇയാൾ ഹരിയാനയിലെ ജിന്ദ് ജില്ലയിലെ സർപഞ്ച് പദവിയിലുള്ളയാളാണ്

വി.എസ്.എസ്.സിയിൽ ടെക്‌നീഷ്യമ്മാരെ നിയമിക്കാനുള്ള എഴുത്തു പരീക്ഷയിലാണ് തട്ടിപ്പ് നടന്നത്. ഹൈടെക് കോപ്പിയടിയും ആൾമാറാട്ടവും നടന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് വി.എസ്.എസ്.സി പരീക്ഷ റദ്ദാക്കുകയായിരുന്നു. ടെക്നീഷ്യൻ, ഡ്രാഫ്റ്റ്സ്മാൻ, റേഡിയോഗ്രാഫർ എന്നീ തസ്തികകളിലേക്ക് നടന്ന പരീക്ഷകളാണ് റദ്ദാക്കിയത്.മൂന്ന് ഉപകരണങ്ങളാണ് പ്രതികൾ തട്ടിപ്പിനായി ഉപയോഗിച്ചത്. മൊബൈൽ ഫോണും ഇയർ ഫോണും തട്ടിപ്പിനു വേണ്ടി മാത്രം ഉപയോഗിക്കുന്ന വ്യത്യസ്തമായൊരു ഉപകരണവുമുണ്ട് ഇതിൽ. കാമറ വയ്ക്കാൻ പാകത്തിനാണു പ്രതികളുടെ ഷർട്ടിന്റെ ബട്ടനുകൾ തയ്ച്ചതെന്നും ഇവർ സ്ഥിരമായി തട്ടിപ്പ് നടത്തുന്നവരാണെന്ന് വ്യക്തമാക്കുന്നതാണ് ഇതെല്ലാമെന്നും പൊലീസ് നേരത്തെ പറഞ്ഞിരുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News