'തൃശ്ശൂർ ഇന്ത്യ മുഴുവൻ ശ്രദ്ധിക്കുന്ന സ്ഥലമായി മാറി, ചുവരെഴുത്തിനോട് യോജിപ്പില്ല'; ടി.എൻ.പ്രതാപന്‍
തൃശൂരിൽ ടി.എൻ.പ്രതാപനായി വീണ്ടും ചുവരെഴുത്ത്
തൃശൂര്‍: തൃശൂരിൽ ടി.എൻ.പ്രതാപനുവേണ്ടി വീണ്ടും ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടു. ചുവരെഴുത്തിനോട് താന്‍ യോജിക്കുന്നില്ലെന്നും എന്നാല്‍ പ്രവര്‍ത്തകരുടെ ആവേശമാണ് ഇതിന് പിന്നിലെന്നും പ്രതാപന്‍ പറഞ്ഞു. സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ ചുവരെഴുതാന്‍ പാടില്ല. തൃശ്ശൂര്‍ ഇന്ത്യ മുഴുവന്‍ ശ്രദ്ധിക്കുന്ന സ്ഥലമായി മാറിക്കഴിഞ്ഞു. പ്രവര്‍ത്തകരെല്ലാം ത്രില്ലിലാണ്... അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം വെങ്കിടങ്ങ് സെൻററിൽ എഴുതിയ ചുവരെഴുത്ത് പ്രതാപൻ ഇടപെട്ട് മായ്പ്പിച്ചതിനു പിന്നാലെയാണ് എളവള്ളിയിൽ വീണ്ടുംചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപേ ചുവരെഴുതരുതെന്ന് നേതൃത്വം നിർദേശവും നൽകിയിരുന്നു.
അതേസമയം, തൃശൂരിൽ മുഖ്യ എതിരാളി ബിജെപിയാണെന്ന നിലപാട് ടി.എൻ പ്രതാപൻ മയപ്പെടുത്തി. തൃശൂരിൽ ഇടത് പക്ഷത്തിന് അവരുടേതായ അടിത്തറയുണ്ട്. യുഡിഎഫിനും എൽഡിഎഫിനും അടിത്തറയുള്ള മണ്ഡലമാണ് തൃശൂരെന്നും ടി.എൻ പ്രതാപൻ പറഞ്ഞു.തൃശൂരിൽ ബി ജെ പിയുമായാണ് മത്സരമെന്ന് ടി എൻ പ്രതാപൻ മുമ്പ് പറഞ്ഞിരുന്നു. വർഗീയത കൊണ്ടും മതം കൊണ്ടും മണ്ഡലത്തെ വിഭജിക്കാനാവില്ല.തൃശൂരിൽ സ്ഥാനാർഥിയായാൽ ഉറപ്പായും വിജയിക്കുമെന്നും ടി.എൻ പ്രതാപൻ പറഞ്ഞു.