തൃശൂർ പൂരം കലക്കല്‍: മറുപടി ഒറ്റവാചകത്തിലൊതുക്കി മുഖ്യമന്ത്രി
എൻ. ഷംസുദ്ദീന്‍ എംഎൽഎയുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി


തൃശൂർ: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഒറ്റവാചകത്തിൽ മറുപടിയൊതുക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും സ്വാഭാവിക നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ബോധപൂർവം പൂരം കലക്കി എന്ന റിപ്പോർട്ട് ലഭിച്ചിട്ടുണ്ടോയെന്ന എൻ. ഷംസുദ്ദീന്‍ എംഎൽഎയുടെ ചോദ്യത്തിനായിരുന്നു മറുപടി.
കുട്ടികളിൽ സുരക്ഷിത ഇൻ്റർനെറ്റ് ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ളതാണ് ഡിജിറ്റൽ ഡി അഡിക്ഷൻ സെന്‍ററെന്ന് മുഖ്യമന്ത്രി പറഞ്ഞു.കുട്ടികളിലെ ഡിജിറ്റൽ അഡിക്ഷൻ തടയാനുള്ള നടപടി ഇതിലൂടെ ഉണ്ടാവും. സച്ചിൻദേവ് യുടെ ചോദ്യത്തിനുള്ള മറുപടി മേശപ്പുറത്ത് വെച്ചാൽ മതിയെന്ന് സ്പീക്കർ നിർദേശിച്ചെങ്കിലും നാടറിയേണ്ട വിഷയമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
അതേസമയം,തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്രസർക്കാർ ആസൂത്രിതമായി തകർക്കാൻ ശ്രമിക്കുന്നുവെന്ന് തദ്ദേശ മന്ത്രി എം.ബി രാജേഷ് പറഞ്ഞു.വരുന്ന സാമ്പത്തികവർഷം 11 കോടി തൊഴിൽ ദിനങ്ങൾ സമർപ്പിച്ചെങ്കിലും അഞ്ച് കോടി തൊഴിൽ ദിനത്തിന് മാത്രമാണ് അനുവദിച്ചത്.813 കോടി രൂപ കേന്ദ്രം തരാനുണ്ടെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.