പൂരാവേശം കൊട്ടിക്കയറി; തൃശ്ശൂരില്‍ ആവേശം ആകാശത്തോളം
ഉച്ചക്ക് രണ്ടുമണിയോടെ പൂരപ്രേമികളെ ആവേശത്തിലാക്കി ഇലഞ്ഞിത്തറമേളവും നാലുമണിയോടെ തെക്കോട്ടിറക്കവും നടക്കും
തൃശ്ശൂർ: രണ്ടുവർഷത്തെ പൂരപ്രേമികളുടെ കാത്തിരിപ്പിന് വിരാമമായി. പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം ഇന്ന്. കോവിഡ് മഹാമാരിയിൽ ആവേശം നിലച്ച പൂരം കാണാൻ പതിനായിരങ്ങളാണ് തൃശ്ശൂരിലെ വടക്കുംനാഥന്റെ മണ്ണിലേക്ക് ഒഴുകിയെത്തുന്നത്.
കണിമംഗലം ശാസ്താവ് വടക്കുന്നാഥനെ വണങ്ങാനെത്തുന്നതോടെയാണ് പൂരം തുടങ്ങുക. രാവിലെ അഞ്ചുമണിയോടെ കണിമംഗലം ശാസ്താവിൻറെ പുറപ്പാട് ആരംഭിച്ചു. ഏഴരയോടെ ശാസ്താവ് തെക്കേ നട വഴി വടക്കുംനാഥനിലെത്തും. പിന്നാലെ ഘടക പൂരങ്ങൾ ഓരോന്നായി വടക്കുംനാഥന് മുന്നിലേക്ക് എത്തും. പനമുക്കുംപിള്ളി, ചെമ്പൂക്കാവ്, പൂക്കാട്ടിക്കര കാരമുക്ക്, ലാലൂർ, ചൂരക്കോട്ടുകാവ്, അയ്യന്തോൾ, കുറ്റൂർ നെയ്തലക്കാവ് എന്നീ ദേശങ്ങളുടെയാണ് ഘടകപൂരങ്ങൾ.പത്തുമണിയോടെ പഞ്ചവാദ്യവും മഠത്തിൽ വരവും നടക്കും. ഉച്ചക്ക് രണ്ടുമണിയോടെ പൂരപ്രേമികളെ ആവേശത്തിലാക്കി ഇലഞ്ഞിത്തറമേളവും അരങ്ങേറും. നാലുമണിയോടെ തെക്കോട്ടിറക്കം നടക്കും.. അഞ്ചുമണിയോടെ നിറങ്ങളുടെ കാഴ്ചവിസ്മയം തീർക്കുന്ന കുടമാറ്റം തെക്കേ ഗോപുരനടയിൽ നടക്കും.50 സെറ്റ് കുടകള്‍ ഇത്തവണയുണ്ടാകും.
ബുധനാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് മലയാളികൾ കാത്തിരിക്കുന്ന പൂരം വെടിക്കെട്ട് നടക്കുന്നത്. സാമ്പിള്‍ വെടിക്കെട്ടിനെ വെല്ലുന്നതായിരിക്കും നാളെ നടക്കുന്നത്. കുടമാറ്റത്തിലും വെടിക്കെട്ടിലും എന്തൊക്കെ വിസ്മയങ്ങളാണ് ഒളിപ്പിച്ചുവെച്ചിരിക്കുന്നത് എന്ന ആകാംക്ഷയിലാണ് പൂരപ്രമേികള്‍. 36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പൂരത്തിന് ഉച്ചയോടെ ഉപചാരം ചൊല്ലി പിരിയും.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ സ്ത്രീ സൗഹൃദമായാണ് പൂരം നടത്തുന്നത്. പെൺപൂരം എന്ന പേരിൽ സ്ത്രീകൾക്ക് മാത്രമായി പൂരം ആസ്വദിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ജനത്തിരക്ക് നിയന്ത്രിക്കാൻ വൻ സുരക്ഷ തന്നെയാണ് തൃശ്ശൂരിൽ ഒരുങ്ങിയിരിക്കുന്നത്. നാലായിരത്തിലധം പൊലീസുകാരെയാണ് പൂരനഗരിയിലടക്കം സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്. പൂരനഗരി മുഴുവൻ സമയവും നിരീക്ഷിക്കാൻ സി.സി.ടി.വി കാമറകളും ഒരുക്കിയിട്ടുണ്ട്.