ഒടുവിൽ കുടുങ്ങി; മൂന്നാറിൽ പരിഭ്രാന്തി പരത്തിയ കടുവ പിടിയിൽ
വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്
ഇടുക്കി: മൂന്നാറിൽ പരിഭ്രാന്തി പരത്തിയ കടുവയെ പിടികൂടി. നൈമക്കാട് നിന്നാണ് കടുവയെ പിടികൂടിയത്. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നൈമക്കാട് മാത്രം പത്ത് പശുക്കളെയാണ് കടുവ കൊന്നത്. അതേ തൊഴുത്തിന്റെ അടുത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഇര തേടാൻ കടുവ വീണ്ടുമെത്തുമെന്ന നിഗമനത്തില്‍ വനംവകുപ്പ് തൊഴുത്തിനടുത്ത് കൂട് സ്ഥാപിക്കുകയായിരുന്നു. സ്ഥലത്ത് ഡിഎഫ്ഒയുടെ നേതൃത്വത്തിൽ വനപാലകർ ക്യാമ്പ് ചെയ്യുന്നുണ്ട്.
അതേസമയം കടലാർ എസ്റ്റേറ്റിൽ മേയാൻ വിട്ട പശുവിനെയും ഇന്ന് വൈകിട്ട് കടുവ ആക്രമിച്ചിരുന്നു. എന്നാൽ ഈ കടുവയാണോ ഇപ്പോൾ പിടിയിലായതെന്ന കാര്യത്തിൽ വ്യക്തത ഇല്ല.
നൈമക്കാട് എസ്റ്റേറ്റിൽ ഇറങ്ങിയ കടുവയുടേതെന്ന് കരുതുന്ന ദൃശ്യങ്ങൾ നേരത്തെ മീഡിയവണിന് ലഭിച്ചിരുന്നു. പെരിയവരെ എസ്റ്റേറ്റ് റോഡിലൂടെ പോകുന്ന കടുവയുടെ ദൃശ്യങ്ങൾ അതുവഴി പോയ യാത്രക്കാരാണ് പകർത്തിയത്. കടുവയെ പിടികൂടുന്നില്ലെന്നാരോപിച്ച് നാട്ടുകാർ റോഡുപരോധം അടക്കമുള്ള സമരത്തിലേക്ക് കടന്നിരുന്നു. തുടർന്നാണ് വനം വകുപ്പ് കൂടുകൾ സ്ഥാപിക്കാൻ തയ്യാറായത്. മൂന്ന് കൂടുകളായിരുന്നു ഈ പ്രദേശങ്ങളിൽ സ്ഥാപിച്ചിരുന്നത്. ഇതിലൊന്നിലാണ് കടുവ കുടുങ്ങിയിരിക്കുന്നത്.