വയനാട്ടിൽ വീണ്ടും കടുവയിറങ്ങി; തൊഴുത്തിൽ കെട്ടിയ പശുവിനെ ആക്രമിച്ചു
ഒരാഴ്ച മുൻപ് മൈലമ്പാടിയിൽ കടുവയിറങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു
വയനാട്: മീനങ്ങാടി മൈലമ്പാടിയിൽ വീണ്ടും കടുവയിറങ്ങി. പൂളക്കടവ് സ്വദേശി ബാലന്റെ തൊഴുത്തിൽ കെട്ടിയിരുന്ന പശുവിനെ കടുവ പരിക്കേൽപ്പിച്ചു. വനംവകുപ്പ് സംഘം സ്ഥലത്തെത്തി നടത്തിയ തിരച്ചിലിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി.
രാവിലെ 11 മണിയോടെയായിരുന്നു ആക്രമണം. ക്ഷീര കർഷകർ കൂടുതലുള്ള മേഖലയാണിത്. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ക്ഷീരകർഷകരായ കുടുംബങ്ങളുടെ ദൈനംദിന ജീവിതവും ദുസ്സഹമായി. പുലർച്ചെ പാൽ കൊണ്ടുപോകാനോ പകൽ സമയത്ത് പുല്ലരിയാനോ കഴിയാത്ത നിലയിലാണ് നാട്ടുകാർ.
ഒരാഴ്ച മുൻപ് മൈലമ്പാടിയിൽ കടുവയിറങ്ങിയതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. മേഖലയിൽ വനം വകുപ്പ് നിരീക്ഷണം ശക്തമാക്കുന്നതിനിടെയാണ് വീണ്ടും കടുവയുടെ ആക്രമണം.
കൂടുതൽ ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കുകയും പ്രദേശത്ത് കൂടുകൾ സ്ഥാപിക്കുയും ചെയ്യുമെന്ന് പ്രദേശം സന്ദർശിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. രാത്രിയിൽ ഒറ്റയ്ക്ക് നടന്നു പോകുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.