തീവ്രമഴ: തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
ഏഴ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു
തൃശൂര്‍: സംസ്ഥാനത്ത് കനത്ത മഴ തുടരന്ന സാഹചര്യത്തിൽ തൃശൂർജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉള്‍പെടെ എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. ഏഴ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. എറണാകുളം, പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, കൊല്ലം തുടങ്ങിയവയാണ് നേരത്തെ അവധി പ്രഖ്യാപിച്ച ജില്ലകൾ.
എട്ട് ജില്ലകളിലും അതി തീവ്രമഴ സാധ്യതയാണുള്ളത്. തൃശൂർ മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്ത് അഞ്ച് ഡാമുകളിലാണ് റെഡ് അലർട്ട്. മീങ്കര, മംഗലം ഡാമുകളിൽ ഓറഞ്ച് അലർട്ടണ്. നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകളും അഞ്ചു സെ.മീ ഉയർത്തി.
കനത്ത മഴയിൽ തെക്കൻ ജില്ലകളിലാണ് കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചിരിക്കുന്നത്. കോട്ടയത്ത് മഴ കനക്കുകയണ്. മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നു. കോട്ടയം മൂന്നിലൽ ടൗണിലും വെള്ളം കയറി. മൂന്നിലവിൽ ഉരുൾപൊട്ടിയതായി സംശയമുണ്ട്.
തിരുവനന്തപുരം വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. കോട്ടയം പുല്ലകയാറ്റിൽ ഒഴുക്കിൽപെട്ട് ഒരാളെ കാണാതായി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രത്യേക കൺട്രോൾ റൂം തുറന്നു. ഏഴു വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഈ എമർജൻസി ഓപ്പറേഷൻ സെൻററിൽ ഏകോപിച്ച് പ്രവർത്തിക്കും. ഇറിഗേഷൻ ,കെഎസ്ഇബി,മോട്ടോർ വെഹിക്കിൾ , ഫയർ ആൻഡ് റെസ്‌ക്യൂ , പോലീസ് , ഐ എം പി ആർ ഡി , ഫിഷറീസ് വകുപ്പുകൾക്ക് പുറമെ സിവിൽ ഡിഫൻസ് സേനയും എമർജൻസി സെൻറർ ഭാഗമായിരിക്കും.