കേരളത്തിലെ പത്തു ജില്ലകളിൽ ടി.പി.ആർ പത്തു ശതമാനത്തിന് മുകളില്‍; ആശങ്കയറിയിച്ച് കേന്ദ്രം

ഏഴുജില്ലകളിൽ കോവിഡ് കേസുകൾ വർധിക്കുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.

Update: 2021-07-27 12:36 GMT
Advertising

കേരളത്തിലെ കോവിഡ് വ്യാപനത്തില്‍ ആശങ്ക രേഖപ്പെടുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളത്തിലെ പത്തു ജില്ലകളിൽ ടി.പി.ആർ പത്ത്ശതമാനത്തിന് മുകളിലാണ്. രാജ്യത്ത് കോവിഡ് കേസുകള്‍ ആശങ്കാജനകമായി വര്‍ധിക്കുന്ന 22 ജില്ലകളില്‍ ഏഴെണ്ണവും കേരളത്തിലാണെന്നും മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ആലപ്പുഴ, കോട്ടയം, മലപ്പുറം, തൃശ്ശൂര്‍, വയനാട്, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളില്‍ കേസുകള്‍ കൂടുകയാണെന്നും മന്ത്രാലയം മുന്നറിയിപ്പു നല്‍കി. രാജ്യത്ത് പ്രതിദിനം 100 കോവിഡ് കേസുകളില്‍ അധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 62 ജില്ലകളാണുള്ളതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. വ്യാപനം കൂടിയ ജില്ലകളിലെ കോവിഡ് നിയന്ത്രണങ്ങളില്‍ ഒരു കാരണവശാലും ഇളവുകള്‍ നല്‍കാന്‍ പാടില്ലെന്ന് സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, കേരളം കടുത്ത വാക്സിന്‍ ക്ഷാമം നേരിടുകയാണ്. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് വാക്സിനേഷനുണ്ടായിരുന്നില്ല. വാക്സിന്‍ എത്തിയില്ലെങ്കില്‍ നാളെ വാക്സിനേഷന്‍ പൂര്‍ണമായും മുടങ്ങിയേക്കും. പതിനെട്ട് വയസിന് മുകളിലുള്ള 1.48 കോടി പേര്‍ വാക്സിനു വേണ്ടി കാത്തിരിക്കുമ്പോഴാണ് വാക്സിന്‍ ക്ഷാമം രൂക്ഷമായത്.

സംസ്ഥാനത്തിന് വാക്സിന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഇടത് എം.പിമാര്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയെ സമീപിച്ചിരുന്നു. കൂടുതല്‍ വാക്‌സിന്‍ നല്‍കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പ്. എം.പിമാരായ ബിനോയ് വിശ്വം, എം.വി. ശ്രേയാംസ്‌കുമാര്‍, സോമപ്രസാദ്, ജോണ് ബ്രിട്ടാസ്, വി. ശിവദാസന്‍, എ.എം. ആരിഫ് എന്നിവരാണ് ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News