തൃപ്പൂണിത്തുറ സ്‌ഫോടനം; ക്ഷേത്രം ഭാരവാഹികൾ പിടിയിൽ
തൃപ്പൂണിത്തുറ ചൂരക്കാടുണ്ടായ സ്‌ഫോടനത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കൊച്ചി: തൃപ്പൂണിത്തുറ സ്‌ഫോടനത്തിൽ ക്ഷേത്രം ഭാരവാഹികൾ പിടിയിൽ. മൂന്നാറിൽനിന്നാണ് പ്രതികളെ പിടികൂടിയത്. ഉത്സവക്കമ്മറ്റി പ്രസിഡന്റ് ഉൾപ്പെടെ ഒമ്പത് പ്രതികളാണ് പിടിയിലാണ്. ഇവരെ രാവിലെ തൃപ്പൂണിത്തുറ ഹിൽപാലസ് സ്റ്റേഷനിലെത്തിക്കും.
സ്‌ഫോടനത്തിൽ പൊലീസ് കേസെടുത്തതോടെയാണ് പ്രതികൾ ഒളിവിൽ പോയത്. ഇവർക്കായി പൊലീസ് സംസ്ഥാന വ്യാപകമായി തിരിച്ചിൽനടത്തിയിരുന്നു. മാനദണ്ഡങ്ങൾ ലംഘിച്ചാണ് പടക്കനിർമാണത്തിനായി വെടിമരുന്ന് സൂക്ഷിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ജനവാസമേഖലയിൽ വൻതോതിൽ വെടിമരുന്ന് സൂക്ഷിക്കാൻ പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ഇത് ലംഘിച്ചാണ് ഇവർ വെടിമരുന്ന് എത്തിച്ചത്.
മനപ്പൂർവമുള്ള നരഹത്യ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. തൃപ്പൂണിത്തുറ ചൂരക്കാടുണ്ടായ സ്‌ഫോടനത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ നാലുപേർ കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.