തൃപ്പൂണിത്തുറ സ്ഫോടനം; നാലുപേർ അറസ്റ്റിൽ, മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി

ഉത്സവ കമ്മിറ്റി ഭാരവാഹികളായ സതീശൻ, ശശികുമാർ, കരാർ ജോലിക്കാരായ വിനീത്, വിനോദ് എന്നിവരാണ് അറസ്റ്റിലായത്.

Update: 2024-02-12 13:47 GMT
Advertising

കൊച്ചി: തൃപ്പൂണിത്തുറയിലെ വെടിപ്പുരയിലുണ്ടായ സ്ഫോടനത്തിൽ നാലുപേർ അറസ്റ്റിൽ. ഉത്സവ കമ്മിറ്റി ഭാരവാഹികളായ സതീശൻ, ശശികുമാർ, കരാർ ജോലിക്കാരായ വിനീത്, വിനോദ് എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. 

ഇന്ന് രാവിലെ പത്തരയോടെയാണ് തൃപ്പൂണിത്തുറയെ നടുക്കിയ സ്ഫോടനം നടന്നത്. പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ചുള്ള വെടിക്കെട്ടിനായി എത്തിച്ച സ്ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. വാഹനത്തിൽ നിന്ന് സ്ഫോടകവസ്തുക്കൾ ഇറക്കുന്നതിനിടയിലുണ്ടായ പൊട്ടിത്തെറി സെക്കന്റുകൾക്കുള്ളിൽ ഉഗ്രസ്ഫോടനമായി മാറുകയായിരുന്നു.  

സ്ഫോടനം ഒന്നര കിലോമീറ്റർ ഭാഗത്താണ് പ്രകമ്പനം സൃഷ്ടിച്ചത്. സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 25 ഓളം പേർക്കാണ് സ്ഫോടനത്തിൽ പരിക്കേറ്റത്. ഇതിൽ കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്.

സ്ഫോടനത്തിൽ 35 ഓളം വീടുകൾ വാസയോഗ്യമല്ലാതായി മാറുകയും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഫോറൻസിക് സംഘവും ഫയർഫോഴ്സ് സംഘവും സ്ഥലത്ത് പരിശോധന നടത്തി.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News