തൃപ്പൂണിത്തുറ സ്ഫോടനം; ഗുരുതരമായി പരിക്കേറ്റ ഒരാൾകൂടി മരിച്ചു
കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ദിവാകരൻ (55) ആണ് മരിച്ചത്.
കൊച്ചി: തൃപ്പൂണിത്തുറയിൽ വെടിപ്പുരയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾകൂടി മരിച്ചു. കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ദിവാകരൻ (55) ആണ് മരിച്ചത്. സ്ഫോടനവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തു. ഉത്സവ കമ്മിറ്റി ഭാരവാഹികളായ സതീശൻ, ശശികുമാർ, കരാർ ജോലിക്കാരായ വിനീത്, വിനോദ് എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു.
ഇന്ന് രാവിലെ പത്തരയോടെയാണ് തൃപ്പൂണിത്തുറയെ നടുക്കിയ സ്ഫോടനം നടന്നത്. പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ചുള്ള വെടിക്കെട്ടിനായി എത്തിച്ച സ്ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. വാഹനത്തിൽ നിന്ന് സ്ഫോടകവസ്തുക്കൾ ഇറക്കുന്നതിനിടയിലുണ്ടായ പൊട്ടിത്തെറി സെക്കന്റുകൾക്കുള്ളിൽ ഉഗ്രസ്ഫോടനമായി മാറുകയായിരുന്നു. സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 25 ഓളം പേർക്കാണ് സ്ഫോടനത്തിൽ പരിക്കേറ്റത്