കൊച്ചിയിൽ പുഴുവരിച്ച നിലയിൽ പഴകിയ മത്സ്യം പിടികൂടി
ചില്ലറ വിൽപനയ്‌ക്കെത്തിച്ച രണ്ട് കണ്ടെയ്‌നർ മത്സ്യമാണ് പിടികൂടിയത്
കൊച്ചി: കൊച്ചിയിൽ രണ്ട് കണ്ടയ്‌നർ പഴകിയ മത്സ്യം പിടികൂടി .ചില്ലറ വിൽപ്പനയ്‌ക്കെത്തിച്ച മത്സ്യമാണ് പിടികൂടിയത്. പുഴുവരിച്ച നിലയിലായിരുന്നു മത്സ്യം.
മരട് നഗരസഭാ ആരോഗ്യവിഭാഗമാണ് വൈറ്റിലയ്ക്ക് സമീപത്ത് നിന്ന് കണ്ടെയ്‌നർ പിടിച്ചെടുത്തത്. രണ്ട് ദിവസമായി മരട് കണ്ടെയ്‌നർ ലോറികൾ കിടന്നിരുന്നു. കണ്ടെയ്‌നറിൽ നിന്ന് ദുർഗന്ധമുയർന്നതിനെ തുടർന്ന് നാട്ടുകാർ നഗരസഭയെ വിവരമറിയിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ മത്സ്യം കണ്ടെത്തുകയുമായിരുന്നു.
ആന്ധപ്രദേശ് രജിസ്‌ട്രേഷനിലുള്ളതാണ് വാഹനങ്ങൾ. ലോറിയിൽ നിന്ന് ചെറുവാഹനങ്ങളിലേക്ക് മത്സ്യം മാറ്റിയാണ് വിൽപന. ലോറികളുടെ ഡ്രൈവറെയോ ബന്ധപ്പെട്ടവരെയോ കണ്ടെത്താനായിട്ടില്ല. ഇവർ ഒളിവിലാണെന്നാണ് വിവരം.
ഒരു തരത്തിലുള്ള ശീതീകരണ സംവിധാനങ്ങളും കണ്ടെയ്‌നറുകളിൽ ഉണ്ടായിരുന്നില്ല എന്നാണ് നഗരസഭാ ആരോഗ്യവിഭാഗവും ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. എത്ര ദിവസത്തെ പഴക്കം മത്സ്യങ്ങൾക്കുണ്ടെന്ന് കൂടുതൽ പരിശോധനയിലൂടെയേ വ്യക്തമാവുകയുള്ളൂ. മത്സ്യങ്ങളുടെയെല്ലാം പുറത്ത് കെമിക്കലുകൾ തേച്ചിരുന്നു എന്നാണ് പരിശോധനയിൽ കണ്ടെത്തിയ പ്രധാന വിവരം.
ഐസ് ഇല്ലാതിരുന്നതിനാൽ മത്സ്യങ്ങൾ ചീയാതിരിക്കാൻ കെമിക്കലുകൾ ഉപയോഗിച്ചതാകാം എന്നാണ് വിലയിരുത്തൽ. കെമിക്കൽ ഉപയോഗിച്ചത് കൊണ്ടു തന്നെ സ്വാഭാവിക നിറത്തിലായിരുന്നില്ല കണ്ടെയ്‌നറുകളിൽ മത്സ്യങ്ങളുണ്ടായിരുന്നത്.