'വൺമാൻ ഷോ'; മാസപ്പടി കേസിലെ മാത്യു കുഴൽനാടന്റെ ഹരജിയിൽ യുഡിഎഫിൽ കടുത്ത അതൃപ്തി

വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കൾക്കെല്ലാം കടുത്ത അതൃപ്തിയാണ് മാത്യു കുഴൽനാടനോടുള്ളത്.

Update: 2025-03-29 09:23 GMT
UDF deeply unhappy with Mathew Kuzhalnadans plea in Masappadi case
AddThis Website Tools
Advertising

കൊച്ചി: മാസപ്പടി കേസിലെ മാത്യു കുഴൽനാടന്റെ ഹരജിയിൽ യുഡിഎഫില്‍ കടുത്ത അതൃപ്തി. യുഡിഎഫ് നേതൃത്വത്തിനുകൂടി ദോഷം ചെയ്യുന്നതായിരുന്നു ഹരജിയെന്ന് നേതാക്കള്‍ പറഞ്ഞു. മാസപ്പടി കേസിൽ നേരത്തെ വിജിലൻസ് കോടതിയിലും പിന്നീട് ഹൈക്കോടതിയിലും ഹരജി നൽകിയത് പാർട്ടിയോടോ മുന്നണിയോടോ ആലോചിക്കാതെയായിരുന്നു എന്നും കുഴല്‍നാടന്‍റേത് വണ്‍മാന്‍ഷോ ആണെന്നുമാണ് വിർശനം.

മാസപ്പടി കേസിൽ സിഎംആർഎൽ- എക്സാലോജിക് ഇടപാടുകളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് എതിർപ്പ് ശക്തമായത്. വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കൾക്കെല്ലാം കടുത്ത അതൃപ്തിയാണ് മാത്യു കുഴൽനാടനോടുള്ളത്. ചെന്നിത്തലയുടെയും കുഞ്ഞാലിക്കുട്ടിയുടേയും അഭിഭാഷകർ ഹരജിയെ എതിർക്കുകയും ചെയ്തു. 

മാസപ്പടി കേസിൽ സിഎംആർഎല്ലിന്റെ ഫിനാൻസ് ഓഫീസറുടെ ഡയറിയിൽ രേഖപ്പെടുത്തിയ, പണം നൽകിയവരുടെ പട്ടികയിൽ പി.കെ കുഞ്ഞാലിക്കുട്ടി, വി.കെ ഇബ്രാഹിംകുഞ്ഞ്, രമേശ് ചെന്നിത്തല എന്നിവരടക്കം 12 യുഡിഎഫ് നേതാക്കളുടെ പേരുകളുണ്ട്. അന്വേഷണം വരികയാണെങ്കിൽ മേൽപ്പറഞ്ഞ യുഡിഎഫ് നേതാക്കൾക്കൂടി അതിന്റെ പരിധിയിൽ വരും. ഈ സാഹചര്യത്തിൽ, കോൺഗ്രസിലും യുഡിഎഫിലും ആലോചിക്കാതെ എന്തുകൊണ്ടാണ് ഇത്തരമൊരു ഹരജിയുമായി മാത്യു കുഴൽനാടൻ മുന്നോട്ടുപോയത് എന്ന ചോദ്യമാണ് നേതാക്കൾ ഉയർത്തുന്നത്.

നേരത്തേ തന്നെ ഈ അതൃപ്തി മുസ്‌ലിം ലീഗ് നേതാക്കൾ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. നിലവിൽ കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായ സാഹചര്യത്തിൽ കുറച്ചുകൂടി ഗൗരവത്തിൽ ഈ അമർഷം പാർട്ടിക്കുള്ളിൽ പ്രകടിപ്പിക്കുകയാ‌ണ് നേതാക്കൾ. ഹരജിയിൽ ഹൈക്കോടതിയിൽ നിന്ന് അനുകൂല നടപടിയുണ്ടായിരുന്നെങ്കിൽ യുഡിഎഫ് നേതാക്കൾക്കെതിരെയും അന്വേഷണം വരുമായിരുന്നു. ഹരജി തള്ളിയതോടെ അത് മുഖ്യമന്ത്രിയടക്കമുള്ളവരുടെ നേട്ടമായി കണക്കാക്കപ്പെടുകയും ചെയ്തു. ഇങ്ങനെ ഇരുതല മൂർച്ചയുള്ള വാളുപോലെ ഏത് സാഹചര്യത്തിലും യുഡിഎഫിന് തിരിച്ചടിയുണ്ടാക്കുന്ന ഒരു ഹരജിയാണ് കുഴൽനാടൻ നൽകിയതെന്ന വിമർശനമാണ് നേതാക്കൾ ഉന്നയിക്കുന്നത്.

കേസിന്റെ നിയമപരമായ സാധുത പരിശോധിക്കാൻ കുഴൽനാടൻ തയാറായില്ലെന്നും വിമർശനമുണ്ട്. വ്യക്തിപരമായി മാത്യു കുഴൽനാടൻ കൊടുത്ത കേസാണെങ്കിലും അത് മുഖ്യമന്ത്രിക്കും സർക്കാരിന്റെ അഴിമതിക്കുമെതിരായ യുഡിഎഫിന്റെയും കോൺഗ്രസിന്റേയും ഒരു പോരാട്ടമെന്ന നിലയിലേക്ക് ഇത് വിലയിരുത്തപ്പെടുകയും ചെയ്തു. ഇതും അതൃപ്തിക്ക് കാരണമാണ്.

മാസപ്പടി കേസിൽ സിഎംആർഎൽ- എക്സാലോജിക് ഇടപാടുകളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ ഇന്നലെയാണ് ഹൈക്കോടതി തള്ളിയത്. അന്തരിച്ച പൊതുപ്രവർത്തകൻ ഗിരീഷ് ബാബുവിന്റെയും മാത്യു കുഴൽനാടൻ എംഎൽഎയുടെയും ഹരജികളിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി പറഞ്ഞത്. കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് രാഷ്ട്രീയ നേതാക്കളും മുഖ്യമന്ത്രിയുടെ മകളും മാസപ്പടിയായി പണം കൈപ്പറ്റിയതിൽ വിജിലൻസ് അന്വേഷണം വേണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.

അതേസമയം, പോരാട്ടം തുടരുമെന്ന് ഹൈക്കോടതി വിധിക്കു പിന്നാലെ മാത്യുകുഴൽ നാടൻ പ്രതികരിച്ചിരുന്നു. വിധി നിരാശപ്പെടുത്തിയില്ലെന്നും പോരാട്ടം അവസാനിപ്പിക്കില്ലെന്നും മാത്യൂ കുഴല്‍നാടന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ നിയമപോരാട്ടമാണ്. അനായാസമല്ലെന്ന ബോധ്യം ഉണ്ടായിരുന്നു. നിയമയുദ്ധം തുടരും. സംസ്ഥാനത്തെ അഴിമതിക്കെതിരെ പോരാട്ടം തുടരുമെന്ന് ജനങ്ങള്‍ക്ക് കൊടുത്ത വാക്കാണ്. തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നും കുഴല്‍നാടൻ കൂട്ടിച്ചേർത്തു. എന്നാൽ, മാസപ്പടി കേസിൽ ഹൈക്കോടതി ഉത്തരവ് യുഡിഎഫിന് തിരിച്ചടിയല്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണം.


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News