സംഘടനാ തലപ്പത്ത് അഴിച്ചുപണി; സിപിഎമ്മിന്റെ അടിയന്തര യോഗം തിങ്കളാഴ്ച
സംസ്ഥാന സർക്കാറിന് ഗവർണർ തുടർച്ചയായി പ്രതിസന്ധി സൃഷ്ടിക്കുന്നതും യോഗത്തില്‍ ചർച്ചയാകും
തിരുവനന്തപുരം: സിപിഎം സംസ്ഥാന, സെക്രട്ടറിയേറ്റ് യോഗങ്ങൾ ഞായർ, തിങ്കൾ ദിവസങ്ങളിൽ ചേരും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി,പ്രകാശ് കാരാട്ട് എന്നിവർ യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാന സമിതി യോഗം തിങ്കളാഴ്ചയും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഞായറാഴ്ചയുമാണ് ചേരുക. സംഘടനാ തലപ്പത്ത് ചില ക്രമീകരണങ്ങള്‍ കൊണ്ടു വരുന്നത് യോഗം ചർച്ചചെയ്തേക്കും. സംസ്ഥാന സർക്കാറിന് ഗവർണർ തുടർച്ചയായി പ്രതിസന്ധി സൃഷ്ടിക്കുന്നതും യോഗത്തില്‍ ചർച്ചയാകും.
രണ്ടാഴ്ച മുന്‍പാണ് അഞ്ച് ദിവസം നീണ്ട് നിന്ന് നേതൃയോഗങ്ങള്‍ നടന്നത്. ഇതിന് പിന്നാലെയാണ് നിയമസഭ സമ്മേളനം നടക്കുന്നതിനിടയില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ,കമ്മിറ്റി യോഗങ്ങള്‍ സിപിഎം അടിയന്തിരമായി വിളിച്ച് ചേര്‍ത്തത്...പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗം പ്രകാശ് കാരാട്ടും പങ്കെടുക്കുന്നത് യോഗത്തിന്‍റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നുണ്ട്.
സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും ആരോഗ്യാവസ്ഥയില്‍ ചില ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. അതിനാൽ സംഘടനാ നേതൃതലപ്പത്തെ ക്രമീകരണങ്ങള്‍ പാർട്ടിയുടെ ആലോചനയിലുണ്ടെന്നാണ് സൂചന. കോടിയേരിയുടേയും മുഖ്യമന്ത്രിയുടേയും അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും മാറ്റം വല്ലതും വേണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്.
ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ പ്രതിസന്ധിയുണ്ടാക്കിയ ഗവര്‍ണര്‍ നിയമസഭ പാസ്സാക്കുന്ന നിയമത്തില്‍ വേഗത്തില്‍ ഒപ്പിടുമെന്ന് പാര്‍ട്ടി പ്രതീക്ഷിക്കുന്നില്ല. ഇതുവരെ പ്രതിഷേധ പ്രതികരണങ്ങള്‍ മാത്രം നടത്തിയ നേതൃത്വം ഒരുപക്ഷെ സമരപരിപാടികള്‍ അടക്കം ആസൂത്രണം ചെയ്തേക്കാം. ഇതും നേതൃയോഗങ്ങളില്‍ ചര്‍ച്ചക്ക് വരും