തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ സ്ഥാനാർഥിയാകുന്നതിൽ ബി.ജെ.പിയിൽ ഭിന്നത
ധനമന്ത്രി നിർമലാ സീതാരാമൻ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ തുടങ്ങിയവർ മത്സരിക്കണമെന്നായിരുന്നു ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ ആഗ്രഹം
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ സ്ഥാനാർഥിയെച്ചൊല്ലി ബി.ജെ.പിയിൽ കടുത്ത ഭിന്നത. ദേശീയ നേതൃത്വം പരിഗണിക്കുന്ന കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് കേരള ബി.ജെ.പിയിലെ പ്രബല വിഭാഗം. കരുത്തരായ ദേശീയ നേതാക്കൾ മത്സരിക്കുന്നില്ലെങ്കിൽ കുമ്മനം രാജശേഖരനെ സ്ഥാനാർഥിയാക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം.
മാസങ്ങൾക്ക് മുമ്പ് തന്നെ കേന്ദ്രമന്ത്രിമാരിൽ പ്രമുഖരെ ബി.ജെ.പി സംസ്ഥാന നേതൃത്വം സമീപിച്ചുതുടങ്ങിയിരുന്നു. തിരുവനന്തപുരത്ത് മത്സരിക്കണമെന്നായിരുന്നു ആവശ്യം. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനിലേക്കും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിലേക്കും ആ ആഗ്രഹം നീണ്ടു.
കേന്ദ്ര നേതൃത്വം ഈ ആവശ്യം നിരാകരിച്ചു. തിരുവനന്തപുരത്ത് നടത്തിയ രഹസ്യ സർവേകളിലൊക്കെ തന്നെ തിരിച്ചടി നേരിടുമെന്ന കണ്ടെത്തൽ വന്നതോടെയായിരുന്നു ഇത്. പകരം മുന്നോട്ടുവെച്ചത് രാജീവ് ചന്ദ്രശേഖറിന്റെ പേര്. പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചില്ലെങ്കിലും ഇതിൽ സംസ്ഥാന നേതൃത്വം അസ്വസ്ഥരായി.
തിരുവനന്തപുരത്ത് രാജീവിനെക്കൊണ്ട് കൂട്ടിയാൽ കൂടില്ലെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇത് ദേശീയ നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു. കേന്ദ്ര നേതാക്കൾ ആരെങ്കിലും മത്സരിക്കുന്നുണ്ടെങ്കിൽ, ദേശീയ തലത്തിൽ ഗ്ലാമറുള്ള ആരെങ്കിലും മതിയെന്നാണ് കേരളത്തിലെ നേതാക്കളുടെ നിലപാട്. ആ പട്ടികയുടെ മുൻനിരയിൽ സംസ്ഥാന നേതൃത്വം കാണുന്നത് നിർമലയെയാണ്. ജയശങ്കറിലും നേതാക്കൾ സംതൃപ്തരാണ്.
എന്നാൽ, ഇവരെ മത്സരിപ്പിക്കാൻ കഴിയില്ലെങ്കിൽ സംസ്ഥാന നേതാക്കളിൽ പ്രമുഖനായ കുമ്മനം രാജശേഖരൻ മതിയെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം. മാർച്ച് ആദ്യ ആഴ്ച തന്നെ സ്ഥാനാർഥിപ്രഖ്യാപനം തുടങ്ങുമെന്നതിനാൽ എത്രയും വേഗം ഇക്കാര്യത്തിൽ തീരുമാനം വേണമെന്നും സംസ്ഥാന നേതാക്കൾ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.