അജ്ഞാത രോഗം ബാധിച്ച് രണ്ടാഴ്ചക്കിടെ അഞ്ചുപേർ മരിച്ച സംഭവം: മൂവാറ്റുപുഴ വയോജന കേന്ദ്രത്തിലെ അന്തേവാസികളെ മാറ്റിപ്പാര്‍പ്പിക്കും

ബലക്ഷയം മൂലം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പോലുമില്ലാത്ത കെട്ടിടത്തിൽ അന്തേവാസികളെ താമസിപ്പിക്കുന്നത് ഗുരുതര നിയമലംഘനമെന്ന് റിപ്പോര്‍ട്ട്

Update: 2023-08-03 01:31 GMT
Editor : Lissy P | By : Web Desk
Advertising

മൂവാറ്റുപുഴ: അജ്ഞാത രോഗം ബാധിച്ച് രണ്ടാഴ്ചക്കിടെ അഞ്ചു പേർ മരിച്ച മൂവാറ്റുപുഴ വയോജന കേന്ദ്രത്തിലെ അന്തേവാസികളെ പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റും. ബലക്ഷയം മൂലം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പോലുമില്ലാത്ത കെട്ടിടത്തിൽ അന്തേവാസികളെ താമസിപ്പിക്കുന്നത് ഗുരുതര നിയമലംഘനമാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മൂവാറ്റുപുഴ നഗരസഭയുടെ തീരുമാനം.

അജ്ഞാത രോഗം ബാധിച്ച് മൂവാറ്റുപുഴ വയോജന കേന്ദ്രത്തിൽ രണ്ടാഴ്ചക്കിടെ അഞ്ചു പേർ മരിച്ചത് വിവാദമായിരുന്നു. മൂവാറ്റുപുഴ നഗരസഭയ്ക്ക് കീഴിലെ വയോജന കേന്ദ്രം പ്രവർത്തിക്കുന്നത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പോലുമില്ലാതെയാണെന്ന ഉദ്യോഗസ്ഥ തല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്തേവാസികളെ മാറ്റിപ്പാർപ്പിക്കാനുള്ള നഗരസഭയുടെ തീരുമാനം. അന്തേവാസികളെ ഉടൻ പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റും. കെട്ടിടം നവീകരിക്കാൻ എട്ട് ലക്ഷം രൂപ നഗരസഭ അനുവദിച്ചിട്ടുണ്ട്. നവീകരണം പൂർത്തിയാക്കിയ ശേഷമാകും അന്തേവാസികളെ തിരികെ എത്തിക്കുക.

വയോജന കേന്ദ്രത്തിൻ്റ നടത്തിപ്പ് പൂർണമായും ഗാന്ധിഭവന് കൈമാറുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. നിലവിൽ 15 പേരാണ് വയോജന കേന്ദ്രത്തിൽ താമസിക്കുന്നത്. ആറ് പേര് ആശുപത്രിയിൽ ചികിത്സയിലാണ്. അതിനിടെ സംഭവത്തിൽ മൂവാറ്റുപ്പുഴ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമാകും പൊലീസ് തുടർനടപടി സ്വീകരിക്കുക. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News