ചേലക്കരയിൽ യു.ആർ പ്രദീപ് LDF സ്ഥാനാർത്ഥിയായേക്കും; പാലക്കാട് ബിനുമോള്‍ക്ക് പ്രഥമ പരിഗണന
പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബിനുമോള്‍ക്ക് പ്രഥമ പരിഗണന
കോഴിക്കോട്: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചേലക്കരയിൽ യു.ആർ പ്രദീപ് എൽഡിഎഫ് സ്ഥാനാർത്ഥിയായേക്കും. ജില്ലാ സെക്രട്ടേറിയേറ്റിലും ജില്ലാ കമ്മിറ്റിയിലും പ്രദീപിന്റെ പേരിനാണ് മുൻതൂക്കം. അതേസമയം പാലക്കാട് പാർട്ടി നേതൃത്വം വിവിധ പേരുകൾ പരിഗണിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബിനുമോളുടെ പേരിനാണ് പ്രഥമ പരിഗണന. ജില്ലാ കമ്മിറ്റികളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന നേതൃത്വം അന്തിമ തീരുമാനമെടുക്കും.
തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തയാറെടുപ്പുകൾ മുന്നണി നേരത്തെ തന്നെ തുടങ്ങിയതാണെന്നും പാലക്കാടിനു പുറമേ ചേലക്കരയിലും ജയിക്കുകയാണ് മുന്നണിയുടെ ലക്ഷ്യമെന്നും എൽഡിഎഫ് കൺവീനർ രാമകൃഷ്ണൻ പറഞ്ഞു. രണ്ട് അസംബ്ലി മണ്ഡലങ്ങളിലും ജയിക്കുകയാണ് മുന്നണിയുടെ ലക്ഷ്യമെന്നും ജില്ലകളുടെ നിലപാട് മനസിലാക്കി കഴിയുന്നത്ര വേഗത്തിൽ സ്ഥാനാർഥികളെ തീരുമാനിക്കുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
ചേലക്കരയിൽ കോൺഗ്രസ് സ്ഥാനാർഥിയായി രമ്യാഹരിദാസിനാണ് സാധ്യത ഉയരുന്നത്. ചേലക്കരയിൽ ടി.എൻ സരസു ബിജെപി സ്ഥാനാർഥിയായേക്കും. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് സ്ഥാനാർഥിയാക്കിയേക്കുമെന്നും സൂചനകളുണ്ട്. പാലക്കാട് സി. കൃഷ്ണകുമാർ, ശോഭ സുരേന്ദ്രൻ എന്നിവരുടെ പേരുകളാണ് ബിജെപി യിൽ നിന്നും സാധ്യതയുള്ളത്.
വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകൾ നവംബർ 13ന് നടക്കും. വോട്ടെണ്ണൽ നവംബർ 23ന് ശനിയാഴ്ചയാണ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം 18ന് പുറത്തിറക്കും. ഈ മാസം 25 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. 28 നാണ് നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തിയതി ഒക്ടോബർ 30 ആണ്.