പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ യു.ഡി.എഫ് ചെയർമാന്‍
തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്‍റെ പരാജയം വിലയിരുത്താൻ ഒരു ദിവസം നീണ്ടു നിൽക്കുന്ന യോഗം ചേരും.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ യു.ഡി.എഫ് ചെയർമാനായി നിശ്ചയിച്ചു. ഇന്നു ചേര്‍ന്ന യു.ഡി.എഫ് യോഗത്തിലാണ് തീരുമാനം. അതേസമയം, തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയം വിലയിരുത്താൻ ഒരു ദിവസം നീണ്ടു നിൽക്കുന്ന യോഗം ചേരുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കോണ്‍ഗ്രസ് നേരിട്ടത് അത്യന്തം ദയനീയ പരാജയമല്ല. കോവിഡ് പ്രതിരോധ പദ്ധതികൾ സർക്കാരിന് നേട്ടമായി. അതിനാൽ അഴിമതി വിലയിരുത്താൻ ജനങ്ങൾ തയ്യാറായില്ലെന്നും എം.എം ഹസന്‍ പറഞ്ഞു. മുല്ലപ്പള്ളി രാജിസന്നദ്ധത അറിയിച്ചത് കൊണ്ടാണ് യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആർ.എസ്.പി നേതാവ് ഷിബു ബേബി ജോണും യോഗത്തില്‍ നിന്ന് വിട്ടുനിന്നു.
ചെറു പാർട്ടികളെ സീറ്റ് നൽകാതെ കോൺഗ്രസ് അപമാനിച്ചെന്ന് സി.എം.പിയും ഫോർവേഡ് ബ്ലോക്കും യോഗത്തിൽ ആരോപണമുയർത്തി. തോൽവി വിശദമായി പഠിക്കണമെന്ന് മുസ്‌ലിം ലീഗും അഭിപ്രായപ്പെട്ടു. സർക്കാർ അനുകൂല തരംഗം മുൻകൂട്ടി കാണാനായില്ലെന്ന വിമര്‍ശനവും യോഗത്തിൽ ഉയര്‍ന്നിരുന്നു. ജോസ് കെ. മാണിയും ജനതാദളും പോയത് ക്ഷീണമായെന്ന വിലയിരുത്തലുമുണ്ടായി.