വട്ടിയൂർക്കാവ് സംഘർഷം; ഡി.വൈ.എഫ്.ഐ ഏരിയ കമ്മിറ്റി അംഗങ്ങൾക്ക് സസ്‌പെൻഷൻ
വട്ടിയൂർക്കാവ് ലോക്കൽ കമ്മിറ്റിയിലെ മേലത്തുമേൽ ബ്രാഞ്ച് ഓഫീസാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കഴിഞ്ഞ ദിവസം അടിച്ചു തകർത്തത്
തിരുവനന്തപുരം: വട്ടിയൂർക്കാവിലെ സി.പി.എം- ഡി.വൈ.എഫ്.ഐ സംഘർഷത്തിൽ രണ്ട് ഡി.വൈ.എഫ്.ഐ ഏരിയ കമ്മിറ്റി അംഗങ്ങളെ പാർട്ടി ലോക്കൽ കമ്മിറ്റിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഡി.വൈ.എഫ്.ഐ പാളയം ബ്ലോക്ക് ജോയിന്റ് സെക്രട്ടറി രാജീവ്, വൈസ് പ്രസിഡന്റ് നിയാസ് എന്നിവരെയാണ് ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. പാളയം ഏരിയാ സെക്രട്ടറി സി. പ്രസന്നകുമാർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. വിഷയം അന്വേഷിക്കാൻ പാർട്ടി കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്.
വട്ടിയൂർകാവിൽ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കഴിഞ്ഞ ദിവസം അടിച്ചു തകർത്തത്. സി.പി.എം. നെട്ടയം ലോക്കൽ കമ്മിറ്റിക്കു കീഴിലെ മേലത്തുമേലെ ബ്രാഞ്ച് കമ്മിറ്റി ഓഫീസിനു നേരെയായിരുന്നു ആക്രമണം. ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. സോഷ്യൽ മീഡിയ പോസ്റ്റുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നായിരുന്നു പൊലീസിന്‍റെ വിശദീകരണം.