മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം; ഡല്‍ഹിയിലെ സംഘപരിവാര്‍ ഏമാന്‍മാരെ സന്തോഷിപ്പിക്കാനെന്ന് വി.ഡി സതീശൻ

‘ആര്‍എസ്എസ് ബാന്ധവം പുറത്തായതിന്റെ ജാള്യത മറയ്ക്കാനാണ് നിയമസഭയ്ക്ക് അകത്തോ പുറത്തോ ഇതുവരെ പറയാത്ത കാര്യം ഡല്‍ഹിയില്‍ വച്ച് ദേശീയ മാധ്യമത്തോട് മുഖ്യമന്ത്രി പറഞ്ഞത്’

Update: 2024-10-01 07:03 GMT
Advertising

തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്തിലൂടെ മലപ്പുറത്ത് എത്തുന്ന പണം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കുള്ളതാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം ഡല്‍ഹിയിലെ സംഘ്പരിവാര്‍ ഏമാന്‍മാരെ സന്തോഷിപ്പിക്കാനുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആര്‍.എസ്.എസ് ബാന്ധവം പുറത്തായതിന്റെ ജാള്യത മറയ്ക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. നിയമസഭയ്ക്ക് അകത്തോ പുറത്തോ ഇതുവരെ പറയാത്ത കാര്യമാണ് ഡല്‍ഹിയില്‍ വച്ച് ദേശീയ മാധ്യമത്തോട് മുഖ്യമന്ത്രി പറഞ്ഞത്.

എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വെളിപ്പെടുത്തലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ദേശവിരുദ്ധ പ്രര്‍ത്തനങ്ങള്‍ക്ക് സ്വര്‍ണക്കടത്തിലൂടെ പണം ലഭിച്ചെങ്കില്‍ അവര്‍ക്കെതിരെ എന്ത് നടപടിയാണ് സംസ്ഥാന സര്‍ക്കാരും പൊലീസും സ്വീകരിച്ചതെന്നും പറയാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. മുഖ്യമന്ത്രി പറയുന്നത് ശരിയെങ്കില്‍ അത് ഗൗരവ സ്വഭാവമുള്ളതാണ്. അങ്ങനെയെങ്കില്‍ ഇത്രനാളും ഇക്കാര്യം മറച്ചുവച്ചതെന്തിന്? ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മാത്രം നല്‍കി ഒതുക്കേണ്ട വിഷയമല്ലിത്.

സംഘ്പരിവാറുമായി മുഖ്യമന്ത്രിക്കും സി.പി.എമ്മിനുമുള്ള അവിശുദ്ധ ബാന്ധവം പ്രതിപക്ഷം തുറന്നു കാട്ടിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍ വരുന്നത്. ആര്‍.എസ്.എസ് ബാന്ധവം പുറത്തായതിന്റെ ജാള്യത മറയ്ക്കാനുള്ള പരിചയായി മാത്രമെ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ കാണാനാകുവെന്നും അദ്ദേഹം പറഞ്ഞു. 

സ്വര്‍ണക്കള്ളക്കടത്തുകാരുടെ പറുദീസയായി കേരളം മാറുന്നുവെന്ന അടിയന്തര പ്രമേയത്തിന് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് അവതരണാനുമതി തേടിയത് ഞാനാണ്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സ്വര്‍ണ്ണത്തില്‍ നിന്നുള്ള നികുതി വെട്ടിപ്പിനെ കുറിച്ച് നിയമസഭയില്‍ പലവട്ടം പറഞ്ഞു. സ്വര്‍ണക്കടത്തിന് സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും സഹായമുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചിട്ടുണ്ട്. അന്നൊന്നും പറയാതിരുന്ന കാര്യമാണ് മുഖ്യമന്ത്രി ഇന്നലെ ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തിയത്. വെളിപ്പെടുത്തല്‍ ശരിയെങ്കില്‍, മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ആഭ്യന്തര വകുപ്പിന്റെ പരാജയം മുഖ്യമന്ത്രി തന്നെ സമ്മതിക്കുന്നതിന് തുല്യമാണെന്നും സതീശൻ പറഞ്ഞു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News