സി.പി.എം സമ്മേളനങ്ങൾക്ക് വേണ്ടി കോവിഡ് മാനദണ്ഡങ്ങളിൽ തിരിമറി നടത്തുന്നു-വി.ഡി സതീശൻ
അഞ്ചുപേർ കൂടിയതിന് കോൺഗ്രസ് സമരത്തിനെതിരെ കേസെടുത്ത സർക്കാരാണിത്. സി.പി.എമ്മിനും സാധാരണക്കാർക്കും വ്യത്യസ്ത മാനദണ്ഡമാണ് കോവിഡിന്റെ കാര്യത്തിലുള്ളതെന്നും സതീശൻ പറഞ്ഞു.
സി.പി.എം സമ്മേളനങ്ങൾ നടത്താനായി കോവിഡ് മാനദണ്ഡങ്ങളിൽ തിരിമറി നടത്തുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ടി.പി.ആർ വളരെ കൂടുതലായിരുന്നിട്ടും ഇന്ന് സമ്മേളനം നടക്കുന്ന കാസർകോട്, തൃശൂർ ജില്ലകളെ ഒരു കാറ്റഗറിയിലും ഉൾപ്പെടുത്തിയിട്ടില്ല. ഏതുവിധേനയും സമ്മേളനം നടത്തുമെന്ന വാശിയിൽ സി.പി.എം നേതാക്കൾ രോഗവാഹകരാവുകയാണെന്നും സതീശൻ പറഞ്ഞു.
പാർട്ടിക്ക് വേണ്ടി കോവിഡ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നത് അപഹാസ്യമാണ്. മൂന്നാം തരംഗത്തിൽ ആരോഗ്യവകുപ്പ് പൂർണനിശ്ചലമാണ്. എ.കെ.ജി സെന്ററിൽ നിന്നുള്ള നിർദേശം അനുസരിച്ചാണ് ആരോഗ്യസെക്രട്ടറി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ നിരീക്ഷണത്തിൽ പോവാത്തത് എന്തുകൊണ്ടാണെന്ന് സതീശൻ ചോദിച്ചു. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ നിന്ന് കോവിഡ് ബാധിച്ച നേതാക്കൻമാർ മറ്റു ജില്ലകളിൽ പോയി കോവിഡ് പരത്തുകയാണ്. അഞ്ചുപേർ കൂടിയതിന് കോൺഗ്രസ് സമരത്തിനെതിരെ കേസെടുത്ത സർക്കാരാണിത്. സി.പി.എമ്മിനും സാധാരണക്കാർക്കും വ്യത്യസ്ത മാനദണ്ഡമാണ് കോവിഡിന്റെ കാര്യത്തിലുള്ളതെന്നും സതീശൻ പറഞ്ഞു.