വിദഗ്ധാഭിപ്രായമെന്ന പേരില്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു; സര്‍ക്കാരിനെതിരെ പ്രതിപക്ഷം

ബാങ്കുകളുടെ യോഗം വിളിക്കണമെന്നും റിക്കവറി നടപടികള്‍ നിർത്തിവെക്കാന്‍ അടിയന്തര നിര്‍ദേശം നല്‍കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Update: 2021-07-15 05:00 GMT
Advertising

കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അശാസ്ത്രീയമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷം. വിദഗ്ധാഭിപ്രായം എന്ന പേരില്‍ കേരളത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്ന നിയന്ത്രണങ്ങളാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ഈ നിലപാട് മാറണം. സര്‍ക്കാരിന് കണ്ണും കാതും ഉണ്ടാകണം. എന്താണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് കൃത്യമായ ബോധ്യം വേണമെന്നും അദ്ദേഹം വ്യക്തമാക്കി. 

സംസ്ഥാനത്ത് സകല മേഖലകളും തകര്‍ന്നിരിക്കുകയാണ്. കോവിഡുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പിന് മുമ്പുള്ള സമീപനമല്ല ഇപ്പോള്‍ സര്‍ക്കാരിനുള്ളത്. കേരള ജനത ഇതുപോലെ കടക്കെണിയിലകപ്പെട്ട അവസ്ഥ ഉണ്ടായിട്ടില്ല. അതിനാല്‍ നിലവിലെ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി കോവിഡുമായി ബന്ധപ്പെട്ട പാക്കേജുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും വി.ഡി സതീശന്‍ പറഞ്ഞു. 

ബാങ്കുകളുടെ യോഗം വിളിക്കണമെന്നും റിക്കവറി നടപടികള്‍ നിർത്തിവെക്കാന്‍ അടിയന്തര നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങൾ ആത്മഹത്യ ചെയ്താൽ പൂര്‍ണ ഉത്തരവാദിത്വം സർക്കാരിനായിരിക്കുമെന്നും പ്രതിപക്ഷം ആഞ്ഞടിച്ചു. കോവിഡ് ദുരന്ത നിവാരണ കമ്മീഷന് രൂപം നല്‍കി, വിവിധ മേഖലകളിലെ ആഖാതത്തെക്കുറിച്ച് പഠനം നടത്തി, ആ മേഖലകളെ നിലനിര്‍ത്തുന്നതിനായുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. 

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ പ്രായോഗികമായ മാറ്റം അനിവാര്യമാണെന്നും ഇക്കാര്യത്തിൽ സർക്കാർ ശാസ്ത്രീയ പഠനം നടത്തണമെന്നും കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയും അഭിപ്രായപ്പെട്ടു. വ്യാപാരികൾ ചൂണ്ടിക്കാട്ടിയത് ന്യായമായ ആവശ്യമാണ് എന്നാൽ അതിനോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം ശരിയായില്ല. വ്യാപാരികളോട് ചർച്ചയ്ക്ക് തയ്യാറായത് വൈകിവന്ന വിവേകമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News