ക്രിയാത്മക ഇടപെടലുകളിലൂടെ ശ്രദ്ധേയനായ സാമാജികൻ - വി.ഡി സതീശൻ
വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കടന്ന് വന്ന വി.ഡി സതീശന്‍ പടിപടിയായാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ നേതൃനിരയിലേക്ക് ഉയര്‍ന്ന് വന്നത്.പാര്‍ട്ടിയിലെ ഗ്രൂപ്പ് അതി പ്രസരത്തിനെതിരെ പരസ്യമായി രംഗത്ത് വരാറുള്ള വി.ഡി സതീശന്‍ ഏതെങ്കിലും ഗ്രൂപ്പിന്റെ നോമിനിയല്ലാതെയാണ് പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കെത്തുന്നതും.
സ്കൂള്‍ കാലഘട്ടത്തില്‍ തന്നെ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായ വിഡി സതീശന്‍ കോളജ് കാലഘട്ടത്തില്‍ കെഎസ്യുവിന്റെ നേതൃതലത്തിലേക്കും പടിപടിയായി ഉയര്‍ന്നു വന്നു. തേവര എസ്എച്ച് കോളേജിലെ ആർട്സ് ക്ലബ് സെക്രട്ടറിയായും എം.ജി, കേരള സർവ്വകലാശാലകളിൽ യൂണിയൻ കൗൺസിലറായും തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ 1986-87 കാലത്ത് എം.ജി സർവ്വകലാശാലാ യൂണിയൻ ചെയർമാനായിരുന്നു. എന്‍എസ്യു ദേശീയ സെക്രട്ടറി സ്ഥാനവും സതീശന്‍ വഹിച്ചിട്ടുണ്ട്.
നിയമസഭ സീറ്റിലേക്കുള്ള മത്സരത്തില്‍ തോല്‍വിയോടെയാണ് തുടക്കമെങ്കിലും 2001 മുതല്‍ ഇത് അഞ്ചാം തവണയാണ് സതീശന്‍ പറവൂരില്‍ നിന്ന് നിയമസഭയിലെത്തുന്നത്. 1996 ല്‍ തനിക്കെതിരെ വിജയിച്ച പി രാജുവിനെ പരാജയപ്പെടുത്തികൊണ്ടായിരുന്നു ആദ്യ വിജയം. പിന്നീടങ്ങോട്ട് ഓരോ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം വര്‍ധിപ്പിച്ചു വന്നു. പന്ത്രണ്ടാം നിയമസഭയിൽ കോൺഗ്രസ് വിപ്പ് സ്ഥാനവും വഹിച്ചു. പരിസ്ഥിതി രാഷ്ട്രീയം ഉയര്‍ത്തികൊണ്ട് വന്നതിലൂടെ സതീശന്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് പുറത്തും ശ്രദ്ധ നേടി.
കഴിഞ്ഞ ഇടത് പക്ഷ സര്‍ക്കാരിനെതിരെ ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ച നേതാവെന്ന നിലയിലും സതീശന്റെ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ മതിപ്പുണ്ടാക്കുന്നതായിരുന്നു. എ.ഐ.സി.സി സെക്രട്ടറി പദവിയും കെ.പി.സി.സി വൈസ് പ്രസിഡണ്ട് സ്ഥാനവും വഹിച്ചപ്പോഴും ഗ്രൂപ്പുകള്‍ക്ക് അതീതമായി നിലയുറപ്പിക്കാന്‍ ശ്രദ്ധിച്ചു. നിയമത്തില്‍ ബിരുദാനന്തരബിരുദധാരി കൂടിയാണ് വിഡി സതീശന്‍.