'ഇപ്പൊ ചെയ്യുന്ന പണിയൊക്കെ നേരത്തേ ആകാമായിരുന്നല്ലോ... എന്തിനാ സർക്കാർ?'- വിഡി സതീശൻ
"യോഗം വിളിച്ചാൽ ശുചീകരണം ആകുമോ? യോഗങ്ങളൊക്കെ ഒരുപാട് നടക്കുന്നുണ്ട്, പക്ഷേ നടപടിയൊന്നും ഉണ്ടാകുന്നില്ലെന്ന് മാത്രം"
കൊച്ചി: മഴക്കാലപൂർവ ശുചീകരണത്തിന്റെ പരാജയമാണ് ആമയിഴഞ്ചാനിലെ ദുരന്തത്തിന് കാരണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. റെയിൽവേയും കോർപറേഷനും തമ്മിൽ തർക്കമാണെന്ന് പറഞ്ഞിട്ട് സർക്കാർ എന്തെടുക്കുകയാണെന്നും വി.ഡി.സതീശൻ ചോദിച്ചു.
"ആമയിഴഞ്ചാൻ തോട്ടിൽ ഇപ്പോ ചെയ്യുന്ന പണിയൊക്കെ നേരത്തേ ആവാമായിരുന്നല്ലോ. റെയിൽവേയും കോർപറേഷനും തമ്മിൽ തർക്കമാണെന്ന്. എന്തിനാണ് പിന്നെ സർക്കാർ? മാർച്ച്, ഏപ്രിൽ മാസത്തിലാണ് ശുചീകരണം നടത്തേണ്ടത്. പിന്നീട് മഴയാണ്. ഇതൊക്കെ നേരത്തേ ചെയ്യണ്ടേ. റെയിൽവേ ചെയ്യേണ്ട പണി റെയിൽവേ ചെയ്തില്ലെങ്കിൽ ആര് ചോദിക്കണം? സർക്കാർ ചോദിക്കണം. അതുണ്ടായോ? യോഗം വിളിച്ചാൽ ശുചീകരണം ആകുമോ? യോഗങ്ങളൊക്കെ ഒരുപാട് നടക്കുന്നുണ്ട്. പക്ഷേ നടപടിയൊന്നും ഉണ്ടാകുന്നില്ലെന്ന് മാത്രം.
ആമയിഴഞ്ചാൻ തോട്ടിലേക്ക് വരുന്നത് മുഴുവൻ തിരുവനന്തപുരം നഗരത്തിലെ സകല മാലിന്യങ്ങളുമാണ്. റെയിൽവേയുടെ സ്ഥലത്തെ മാത്രമല്ല, ഒരു സ്ഥലത്തും മാലിന്യം വൃത്തിയാക്കിയിട്ടില്ല എന്നതാണ് സത്യം. കേരളത്തിൽ തിരുവനന്തപുരത്ത് മാത്രമല്ല, ഒരു സ്ഥലത്തും മഴക്കാലപൂർവ ശുചീകരണം നടന്നിട്ടില്ല. ഒരു നടപടികളും അതിന് സ്വീകരിച്ചിട്ടുമില്ല. പകർച്ചവ്യാധികൾ പടർന്ന് പിടിക്കാനുള്ള പ്രധാന കാരണം മാലിന്യമാണെന്ന് ഞങ്ങൾ നിയമസഭയിൽ പറഞ്ഞപ്പോൾ ഞങ്ങളെ പരിഹസിക്കുകയായിരുന്നു ഭരണപക്ഷം". അദ്ദേഹം പറഞ്ഞു