വെള്ളാപ്പള്ളി മുസ്‌ലിം സമുദായത്തോട് മാപ്പുപറയണം; വർഗീയ പരാമർശത്തിനെതിരെ കേരള മുസ്‌ലിം ജമാഅത്ത് കൗൺസിൽ
എസ് എൻ ഡി പി യോഗത്തെ വർഗ്ഗീയ പ്രസ്ഥാനമാക്കി മാറ്റാനാണ് നേതൃത്വം ശ്രമിക്കുന്നത് എന്നത് ഖേദകരമാണെന്നും കേരള മുസ്‌ലിം ജമാഅത്ത് കൗൺസിൽ പറഞ്ഞു
ആലപ്പുഴ: വെള്ളാപ്പള്ളി നടേശൻ മുസ്‌ലിം സമുദായത്തോട് മാപ്പൂ പറയണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് കൗൺസിൽ. വെള്ളാപ്പള്ളിയുടെ മുസ്‌ലിംകൾക്കെതിരെയുള്ള നിരന്തര കുതിരകയറ്റം അവസാനിപ്പിക്കണം. ഈഴവ സമൂഹത്തിന്റെ വോട്ട് ബി ജെ പിക്ക് കൂടുതലായി ലഭിച്ചു എന്നതിനാൽ സംസ്ഥാന സർക്കാരിന്റെ അതൃപ്‌തി തനിക്കെതിരെ ഉണ്ടാകുമെന്ന ഭയപ്പാടാണ് വെള്ളാപ്പള്ളി മുസ്‌ലിം സമൂഹത്തിനെതിരെ തിരിഞ്ഞത്.
എസ് എൻ ഡി പി യോഗത്തെ വർഗ്ഗീയ പ്രസ്ഥാനമാക്കി മാറ്റാനാണ് ഇപ്പോഴത്തെ അതിന്റെ നേതൃത്വം ശ്രമിക്കുന്നത് എന്നത് ഖേദകരമാണെന്നും കേരള മുസ്‌ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന വർക്കിങ് പ്രസിഡണ്ട് കമാൽ എം മാക്കിയിൽ പറഞ്ഞു.
ഇടത് വലതു മുന്നണികൾ മുസ്‍ലിം പ്രീണനം നടത്തുന്നു. കേരളത്തിലുള്ള ഒൻപത് രാജ്യസഭാ സീറ്റുകളിൽ അഞ്ചിലും മുസ്‍ലിങ്ങളാണ്. ക്രൈസ്തവർ ബിജെപിയെ രക്ഷകരായി കാണുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ഇന്ന് പുറത്ത് ഇറക്കിയ യോഗനാദം മാസികയുടെ മുഖപ്രസംഗത്തിലാണ് വെള്ളപ്പള്ളി നടേശന്റെ പരാമർശങ്ങൾ.
ജനസംഖ്യയുടെ പകുതിയിലേറെ ഉള്ള ഹിന്ദുക്കൾക്ക് രണ്ട് സീറ്റാണ് നൽകിയത്. മതവിവേചനവും വിദ്വേഷവും തിരിച്ചറിഞ്ഞ ക്രൈസ്തവരാണ് സുരേഷ് ഗോപിയെ വിജയിപ്പിച്ചത്. യാഥാർത്ഥ്യങ്ങൾ തുറന്നു പറയുന്നതിൻ്റെ പേരിൽ രക്തസാക്ഷി ആകാനും തയ്യാർ. സത്യം പറഞ്ഞവർ ക്രൂശിക്കപ്പെട്ടതാണ് ലോക ചരിത്രം. ക്രൈസ്തവർ ബിജെപിയെ രക്ഷകരായി കാണുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.