എൽ.ഡി.എഫിന് തിരിച്ചടിയായി റിയാസ് മൗലവി കേസിലെ വിധി

മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനവും പ്രതിപക്ഷം ആയുധമാക്കുന്നു

Update: 2024-03-31 01:14 GMT
Advertising

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകൾ കേന്ദ്രീകരിക്കാൻ സി.എ.എ ഉയർത്തുന്നതിനിടയിലാണ് മുന്നണിക്ക് തിരിച്ചടിയായി റിയാസ് മൗലവി കേസിലെ വിധി. അന്വേഷണ ഉദ്യോഗസ്ഥന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചകൾ വിധിന്യായത്തിൽ എണ്ണിപ്പറയുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനവും പ്രതിപക്ഷം ആയുധമാക്കുന്നു. വിധി വന്നശേഷം രണ്ടു തെരഞ്ഞെടുപ്പ് യോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുത്തെങ്കിലും ഈ വിഷയത്തിൽ മൗനം പാലിക്കുകയാണ് ചെയ്തത്.

റിയാസ് മൗലവി കേസിൽ പ്രോസിക്യൂഷൻ വീഴ്ചകൾ എണ്ണിപ്പറഞ്ഞാണ് സംഘപരിവാർ അനുഭാവമുള്ള പ്രതികളെ കാസർകോട് ജില്ലാ സെഷൻസ് ജഡ്ജി കെ.കെ ബാലകൃഷ്ണൻ വെറുതെവിട്ടത്. അന്വേഷണ ഉദ്യോഗസ്ഥന്റെയും പ്രോസികൃഷൻ്റേയും വീഴ്ചയാണ് പ്രതികളെ വെറുതെവിടാൻ കാരണമായി കോടതി ഉത്തരവിൽ പറയുന്നത്.

കൊലയുടെ ഉദ്ദേശ്യം സ്ഥാപിക്കാൻ പ്രോസിക്യൂഷനായില്ല, തെളിവെടുപ്പിലും തെളിവുശേഖരണത്തിലും അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ചയുണ്ടായി തുടങ്ങിയ കാര്യങ്ങളും പറയുക വഴി അന്വേഷണസംഘത്തിന്റെ വീഴ്ചയായി തന്നെ കാര്യങ്ങൾ വിലയിരുത്താം.

പൗരത്വ നിയമഭേദഗതി നടപ്പാക്കില്ല എന്ന് പറഞ്ഞു ന്യൂനപക്ഷങ്ങളെ സ്വാധീനിക്കാൻ ഇടതുമുന്നണി ശ്രമിക്കുന്നതിനിടയിലാണ് സംഘപരിവാർ പ്രവർത്തകർ പ്രതികളായ കേസിലെ പൊലീസിന്റെ വീഴ്ച പുറത്തുവരുന്നത്. അന്വേഷണ സംഘത്തിന്റെ വീഴ്ചകൾ എണ്ണിയെണ്ണി പറയുന്ന വിധിന്യായവുമായി ബന്ധപ്പെട്ട് സർക്കാർ ഭാഗത്തുനിന്ന് ഇതുവരെ വിശദീകരണങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല.

സംഘപരിവാർ - സി.പി.എം ബാന്ധവം ആരോപിക്കുന്ന യു.ഡി.എഫിന് ബലം പകരുന്നതാണ് ഇന്നലത്തെ വിധി. അതേസമയം, വിചാരണ കോടതി വിധിക്കെതിരെ അപ്പീൽ പോകാനുള്ള തീരുമാനം സംസ്ഥാന സർക്കാർ വരും ദിവസങ്ങളിൽ എടുത്തേക്കും എന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.


Full View

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News